02/06/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപിയെ തൃണമൂൽവത്കരിക്കാൻ സമ്മതിക്കില്ല’; ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ലെന്ന് പശ്ചിമബംഗാൾ ബിജെപി

 ‘ബിജെപിയെ തൃണമൂൽവത്കരിക്കാൻ സമ്മതിക്കില്ല’; ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ലെന്ന് പശ്ചിമബംഗാൾ ബിജെപി

ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് തെറ്റിപ്പിരിഞ്ഞ് വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. തൃണമൂലിന്റെ മുൻകാല നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. അഴിമതിയും മറ്റ് ആരോപണങ്ങളും നേരിടുന്ന കളങ്കിതരായ വ്യക്തികളെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കാൻ’ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ബംഗാളിൽ ബിജെപി വളർന്നതെന്നും അല്ലാതെ മറ്റ് പാർട്ടികളിൽ നിന്നുള്ള കൂട്ടച്ചേർക്കലുകൾ കൊണ്ടല്ലെന്നും സമിക് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. ടിഎംസിയിൽ നിന്ന് രാജിവെച്ച് എത്തുന്നവർക്ക് ബിജെപി അംഗത്വം നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നു പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

“തൃണമൂൽ നേതാക്കൾക്കായി ഞങ്ങളുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞുകഴിഞ്ഞു. 207 എംഎൽഎമാർ എന്ന ശക്തമായ നിലയിലേക്ക് പാർട്ടി വളർന്നത് മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളെ ഇറക്കുമതി ചെയ്തിട്ടല്ല. അഴിമതിക്കാരായ ടിഎംസി നേതാക്കൾക്കെതിരെയാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഞങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ അടിത്തട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. ജനങ്ങൾ വെറുത്ത അത്തരം കളങ്കിതരെ ഞങ്ങൾക്ക് എങ്ങനെ പാർട്ടിയിൽ ഉൾക്കൊള്ളാൻ കഴിയും?” – അദ്ദേഹം ചോദിച്ചു. തൃണമൂൽ കോൺഗ്രസിന് ജനപിന്തുണ പൂർണ്ണമായും നഷ്ടപ്പെട്ടെന്നും നിലവിൽ അവർ കടുത്ത ആഭ്യന്തര കലഹങ്ങളിൽ ഉലയുകയാണെന്നും സമിക് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

Also read: