10/06/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്‌ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

 ‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്‌ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും അനുയായികളെയും ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കം നടന്നാല്‍ രാജ്യം മുഴുവന്‍ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. ബിജെപി ഓഫീസില്‍ നിന്നു നല്‍കുന്ന പട്ടിക പ്രകാരമാണ് കമ്മീഷന്‍ തീരുമാനമെടുക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വെക്കുകയോ എന്റെ ജനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ അതിനെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കും ഞാന്‍. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ച് പ്രക്ഷോഭം നയിക്കും’-മമത മുന്നറിയിപ്പ് നല്‍കി.

ബംഗാളിലെ ജനങ്ങളെ ഭയപ്പെടുത്താനോ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനോ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും മമത ബൊംഗാവോണിലെ റാലിയില്‍ വ്യക്തമാക്കി. ”വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. സാധാരണ മൂന്നുവര്‍ഷം എടുത്താണ് അതു പൂര്‍ത്തിയാക്കുന്നത്. 2002ലാണ് ഇത് അവസാനമായി നടന്നത്. എന്നാല്‍, ഇപ്പോള്‍ നടപ്പാക്കുന്ന എസ്.ഐ.ആര്‍ നടപടി യഥാര്‍ത്ഥ വോട്ടര്‍മാരെ പുറത്താക്കാന്‍ വേണ്ടിയുള്ളതാണ്. ബി.ജെ.പി അവരുടെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പട്ടിക നിശ്ചയിക്കുകയും അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുകയും ചെയ്യുകയാണ്. ബി.ജെ.പി കമ്മീഷനാവുകയല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി നിഷ്പക്ഷമായിരിക്കുകയാണ് വേണ്ടത്.’-മതുവ സമുദായത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞു.

ബിഹാറിലെ ബി.ജെ.പിയുടെ ‘കളി’ അവിടെയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും ബംഗാളില്‍ അത് നടക്കില്ലെന്ന് മമത വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചാലും ബി.ജെ.പിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) മമത രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ സി.എ.എ ഫോമുകള്‍ വിതരണം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. ‘സി.എ.എക്ക് അപേക്ഷിക്കുമ്പോള്‍, നിങ്ങള്‍ ഒരു ബംഗ്ലാദേശി പൗരനാണെന്നും ഇപ്പോള്‍ ഇന്ത്യന്‍ പൗരനാകാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വയം പ്രഖ്യാപിക്കേണ്ടിവരും. അത് നിങ്ങളെ വിദേശിയാണെന്ന് തെളിയിക്കും. നിങ്ങളുടെ സ്വന്തം ബുദ്ധി ഉപയോഗിക്കുക,’-മമത മുന്നറിയിപ്പ് നല്‍കി.

ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കിയത് താന്‍ റാലിയില്‍ എത്തുന്നത് തടയാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. റോഡ് മാര്‍ഗം ബൊംഗാവോണില്‍ എത്തിയാണ് തൃണമൂല്‍ അധ്യക്ഷ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Also read: