ബെയ്റൂത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഹൈഥം അലി തബാതബാഇ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ ആക്രമണത്തിൽ തബാതബാഇ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടതായി ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തബാതബാഇയുടെ മരണം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഒരു വർഷം മുമ്പ് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രയേൽ വധിക്കുന്ന ഏറ്റവും മുതിർന്ന ഹിസ്ബുല്ല കമാൻഡറാണ് തബാതബാഇ. ഹിസ്ബുല്ലയുടെ സായുധ വിഭാഗം ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമണ ലക്ഷ്യം സ്ഥിരീകരിച്ചെങ്കിലും, വധിക്കപ്പെട്ട കമാൻഡറുടെ പേര് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ നല്‍കിയിരുന്നില്ല. അതേസമയം, സര്‍വ സീമയും ലംഘിക്കുന്നതാണ് ആക്രമണമെന്ന് മുതിർന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥൻ മഹ്മൂദ് ക്വാട്ടി പ്രതികരിച്ചു. ഈ നടപടി ലബനാനിലുടനീളം സംഘര്‍ഷം രൂക്ഷമാക്കാന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ ആവശ്യപ്പെട്ടിട്ടുണ്ട്.