ഹോർമുസിൽ യുഎസ് കടന്നാക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ 2,200 കിലോഗ്രാം ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ വർഷിച്ചു
തെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാന്റെ തീരപ്രദേശത്ത് ആഴത്തിൽ സ്ഥാപിച്ചിട്ടുള്ള മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ 5,000 പൗണ്ട് (ഏകദേശം 2,268 കിലോഗ്രാം) ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് പ്രയോഗിച്ചത്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാനിയൻ കപ്പൽവേധ ക്രൂയിസ് മിസൈലുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇതേത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും സമുദ്ര ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യുഎസ് സൈനിക നീക്കം നടത്തിയത്.
അതേസമയം, ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ നിരസിച്ചു. സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതിൽ ട്രംപ് രോഷം പ്രകടിപ്പിച്ചു. ലോകനന്മയ്ക്കായി താൻ നടത്തുന്ന പോരാട്ടത്തെ ലോകം വിലമതിക്കുന്നില്ലെന്നും, എന്നാൽ ഈ ദൗത്യവുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ തനിക്ക് മടിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാസങ്ങളായി ഇത്തരമൊരു നീക്കത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, യുദ്ധം തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
ആണവായുധ നിർമ്മാണമല്ല, സമാധാനപരമായ ആവശ്യങ്ങൾക്കാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ യുഎസ് തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ പ്രയോഗിച്ച 30,000 പൗണ്ട് ബോംബുകളേക്കാൾ തീവ്രത കുറവാണെങ്കിലും, ഭൂമിക്കടിയിലെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ ശേഷിയുള്ള അതിമാരകമായ ആയുധങ്ങളാണ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്.