20/04/2026
[fontresizer_tawhidurrahmandear_widget]

ലെൻസ്‌കാർട്ട് ഷോറൂമിൽ അതിക്രമിച്ച് കയറി ബിജെപി നേതാവ്; ഹിന്ദു ജീവനക്കാരുടെ നെറ്റിയിൽ നിർബന്ധിച്ച് തിലകം ചാർത്തി

 ലെൻസ്‌കാർട്ട് ഷോറൂമിൽ അതിക്രമിച്ച് കയറി ബിജെപി നേതാവ്; ഹിന്ദു ജീവനക്കാരുടെ നെറ്റിയിൽ നിർബന്ധിച്ച് തിലകം ചാർത്തി

മുംബൈ: പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്‌കാർട്ടിന്റെ ഷോറൂമിൽ ബിജെപി പ്രതിഷേധം. മുംബൈ അന്ധേരിയിലെ ഷോറൂമിലാണ് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറി പ്രതിഷേധിച്ചത്. ഹിന്ദു മതചിഹ്നങ്ങൾ ധരിക്കുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുസ്്‌ലിമായ സ്‌റ്റോർ മാനേജറെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ഹിന്ദു ജീവനക്കാരെ നിർബന്ധിച്ചു തിലകം ചാർത്തുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെൻസ്‌കാർട്ട് ജീവനക്കാരുടെ ഗ്രൂമിങ് പോളിസിയിൽ വിവേചനമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കടയിലെത്തിയ നാസിയ ഖാൻ അവിടുത്തെ ഹിന്ദു ജീവനക്കാരെ വിളിച്ച് അവരുടെ നെറ്റിയിൽ തിലകം ചാർത്തുകയും കൈകളിൽ ചരട് കെട്ടുകയും ചെയ്തു. ഇതിനൊപ്പം ‘ജയ് ശ്രീറാം’ വിളികളും ഉയർന്നു.

സ്റ്റോർ മാനേജരായ മുഹ്‌സിൻ ഖാനെ വിളിച്ചുവരുത്തിയായിരുന്നു ഭീഷണി. ‘നിങ്ങൾക്ക് ഇവിടെ ശരീഅത്ത് നടപ്പാക്കണോ?’ എന്നു ചോദിച്ചായിരുന്നു നാസിയ ജീവനക്കാരനെ ചോദ്യം ചെയ്തത്. മുസ്ലിംകൾ പാകിസ്ഥാൻ കൊണ്ടുപോയെന്നും ഇവിടെ എന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അവർ മാനേജരോട് ചോദിക്കുന്നുണ്ട്. സ്ഥാപനത്തിലെ ഹിന്ദുക്കളെ മുഴുവൻ മുഹ്‌സിൻ ഖാനാക്കാനാണ് താങ്കൾ നോക്കുന്നതെന്നും നാസിയ ആരോപിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഹിന്ദുക്കൾ ധരിക്കുന്ന തിലകം, കലാവ (പവിത്രമായ ചരട്), രുദ്രാക്ഷം, തുളസിമാല എന്നിവയ്ക്ക് സ്‌റ്റൈൽ ഗൈഡിൽ വിലക്കുണ്ടെന്നും എന്നാൽ ഹിജാബ്, തലപ്പാവ് എന്നിവ അനുവദിക്കുന്നുണ്ടെന്നുമാണ് നാസിയയുടെ വാദം.

സംഭവത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ നാസിയ ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവരെ ടാഗ് ചെയ്ത് പോസ്റ്റുകൾ പങ്കുവെച്ചു. ലെൻസ്‌കാർട്ട് ഉടമയെ അറസ്റ്റ് ചെയ്യണമെന്നും കമ്പനിയുടെ നയങ്ങളെക്കുറിച്ച് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഹിന്ദു ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് താൻ എത്തിയത്. കമ്പനിയുടെ നയം പക്ഷപാതപരമാണെന്നും നാസിയ ആരോപിച്ചു.

വിവാദം കൊഴുത്തതോടെ ലെൻസ്‌കാർട്ട് സിഇഒ പിയൂഷ് ബൻസാൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പുറത്തുവന്ന ‘സ്‌റ്റൈൽ ഗൈഡ്’ രേഖ പഴയതാണെന്നും നിലവിൽ കമ്പനിക്ക് അത്തരമൊരു നയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതപരമായ ചിഹ്നങ്ങളും ധരിക്കാൻ ജീവനക്കാർക്ക് അനുവാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: