20/04/2026
[fontresizer_tawhidurrahmandear_widget]

‘ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും’; എം.കെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി

 ‘ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും’; എം.കെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി

ചെന്നൈ: തമിഴ്നാടിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിലെ കൊളച്ചലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിനെ ഡൽഹിയിലിരുന്ന് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ തമിഴ് ജനത ആർക്കും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണുള്ളത്. എന്നാൽ ബിജെപി ഇത് അംഗീകരിക്കുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെ ഇപ്പോൾ ബിജെപിയുടെ വെറുമൊരു ഉപകരണമായി മാറിയിരിക്കുകയാണ്. അഴിമതി കാരണമാണ് എഐഎഡിഎംകെ നേതൃത്വം ബിജെപിക്ക് കീഴടങ്ങിയതെന്നും രാഹുൽ ആരോപിച്ചു. ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ എപ്രകാരം നിയന്ത്രിക്കുന്നുവോ, അതുപോലെയാണ് മോദി എടപ്പാടി കെ പളനിസ്വാമിയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജനക്ഷേമ പദ്ധതികളെ രാഹുൽ പ്രസംഗത്തിൽ പ്രകീർത്തിച്ചു. താൻ തമിഴ്‌നാട്ടിൽ ജനിച്ചവനല്ലായിരിക്കാം, എന്നാൽ ഈ മണ്ണുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും തമിഴ് സംസ്‌കാരത്തിന്റെ കാവലാളായി താൻ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയപ്പാടോടെ ജീവിക്കുന്ന സാഹചര്യം മുൻപെങ്ങും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ആശയങ്ങൾ മാത്രമേ രാജ്യത്ത് വിജയിക്കൂ എന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Also read: