ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി വീടിനുള്ളിൽ; 16-കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. സഹോദരിമാരുടെ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയും 20 വയസ്സുകാരൻ അഭിനാനുമാണ് മരിച്ചത്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ച് അകത്തുകയറിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ വെച്ച് വിഷം കഴിച്ചാണ് അഭിനാൻ ജീവനൊടുക്കിയത്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപ് വരെ ഇതേ വീട്ടിലായിരുന്നു അഭിനാൻ താമസിച്ചിരുന്നത്. എന്നാൽ ചില തർക്കങ്ങളെത്തുടർന്ന് ഇയാളെ വീട്ടിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. ഇവിടേക്ക് വരരുതെന്ന് വീട്ടുകാർ കർശന താക്കീതും നൽകിയിരുന്നു. ഇത് മറികടന്നാണ് രഹസ്യമായി കൈവശം വെച്ച ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് യുവാവ് വീട്ടിലെത്തിയത്. സിസിടിവി ക്യാമറകളിൽ പതിയാത്ത വിധം അതീവ ജാഗ്രതയോടെയായിരുന്നു ഇയാളുടെ നീക്കങ്ങൾ.
വീട്ടിൽ ബന്ധുക്കളുള്ള സമയത്താണ് യുവാവ് അകത്തുകയറിയത്. പെൺകുട്ടിയുടെ മുറിയിൽ ആരോ ഉണ്ടെന്ന സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോൾ കഴുത്തിൽ മുറുക്കിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കട്ടിലിനടിയിൽ യുവാവിന്റെ കാൽ കണ്ടതോടെ ബന്ധുക്കൾ മുറി പൂട്ടി മറ്റുള്ളവരെ വിവരം അറിയിച്ചു. തുടർന്നാണ് മറ്റൊരു മുറിയിൽ വെച്ച് അഭിനാൻ വിഷം കഴിച്ചത്. പെൺകുട്ടിയുടെ മുഖത്തും കൈകളിലും ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. കുട്ടിയുടെ ഉമ്മയെയും ഇയാൾ വകവരുത്താൻ ശ്രമിച്ചെങ്കിലും അവർ ബഹളം വെച്ചതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
മർക്കസ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. അഭിനാനും ഇതേ സ്കൂളിലാണ് പഠിച്ചിരുന്നത്. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളു എന്ന് പോലീസ് അറിയിച്ചു.