‘മമത, തേജസ്വി, രാഹുല്‍, അടുത്തത് നീ’; സുവേന്ദു അധികാരി ലക്ഷ്യം വെക്കുന്നതാരെ?
സുവേന്ദു അധികാരി
ന്യൂഡൽഹി: ബംഗാൾ ആദ്യമായി ബിജെപിയുടെ കയ്യിലെത്തിയിരിക്കുകയാണ്. ആ ചരിത്രവിജയത്തെ മുന്നിൽ നിന്ന് നയിച്ചതാകട്ടെ സുവേന്ദു അധികാരിയും. സിറ്റിങ് സീറ്റായ നന്ദിഗ്രാമിലും മമത ബാനർജിക്കെതിരെ ഭബാനിപൂരിലുമാണ് സുവേന്ദു അധികാരിയുടെ ജയം. ഈ ചരിത്ര വിജയത്തിന് പിന്നാലെ ബിജെപിയുടെ അടുത്ത ലക്ഷ്യം 2027-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മമത ബാനർജി, തേജസ്വി യാദവ്, രാഹുൽ ഗാന്ധി എന്നിവരെ തകർത്തു, അടുത്തത് അഖിലേഷ് യാദവ് ആണ്’ എന്നാണ് സുവേന്ദു അധികാരി വിജയത്തിന് പിന്നാലെ പ്രതികരിച്ചത്.
ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം മമത ബാനർജിയുടെ രാഷ്ട്രീയ വനവാസം ആരംഭിച്ചതായും പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസിനെ ആം ആദ്‌മി പാർട്ടിയോട് ഉപമിച്ച അദ്ദേഹം പാർട്ടിയെ അഴിമതി നിറഞ്ഞതും, കുടുംബാധിഷ്‌ഠിതവും, പ്രത്യയശാസ്ത്രവുമില്ലാത്തതുമാണെന്നും വിമർശിച്ചു.
ഒട്ടേറെ ടിഎംസി എംപിമാരും പ്രവർത്തകരും തങ്ങളോടൊപ്പം ചേരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ‘നന്ദിഗ്രാമിലെ ഹിന്ദുക്കളാണ് എന്നെ വീണ്ടും വിജയിപ്പിച്ചത്. അവിടെ, മുഴുവൻ മുസ്‌ലീം വോട്ടുകളും ടിഎംസിക്ക് ലഭിച്ചു. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്‌ഥർ എനിക്ക് വോട്ട് ചെയ്തു. ഇത് ഹിന്ദുത്വ ബംഗാളിന്റെയും പ്രധാനമന്ത്രി മോദിയുടെയും വിജയമാണ്’ അദ്ദേഹം പറഞ്ഞു. ഒട്ടേറെ സിപിഎമ്മുകാർ തനിക്ക് വോട്ട് ചെയ്‌തതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
അഞ്ച് വർഷം മുമ്പ് 2021 ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ 15,105 വോട്ടുകൾക്ക് പരാജയപ്പെടുത്തിയുരുന്നു. ഇതിൻ്റെ ആവർത്തനമായിരുന്നു ഭബാനിപൂരിൽ ഇത്തവണ കണ്ടത്. സുവേന്ദു അധികാരിയോട് 15105 വോട്ടുകൾക്കാണ് മമത തോറ്റത്. ഒരുകാലത്ത് മമത ബാനർജിയുടെ അടുത്തയാളും ടിഎംസിയുടെ ഉയർച്ചയുടെ പ്രധാന ശിൽപ്പിയുമായിരുന്നു സുവേന്ദു അധികാരി എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ ബംഗാളിൽ ബിജെപ സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉയർന്നു കേൾക്കുന്ന പേരും സുവേന്ദു അധികാരിയാണ്.