പിണറായിയുടെ കാക്കിപ്പടയെ മാറ്റാൻ യുഡിഎഫ്; പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് സേനയിൽ വലിയ രീതിയിലുള്ള അഴിച്ചുപണിക്ക് യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുന്നതോടെ, കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പ്രധാന ചുമതലകളിൽ ഇരുന്നവരെയടക്കം മാറ്റി പ്രതിഷ്ഠിക്കാനാണ് നീക്കം. ജൂൺ ആദ്യവാരത്തോടെ പൊലീസ് സേനയുടെ മുഖച്ഛായ മാറ്റാനാണ് അണിയറയിൽ ചരടുവലികൾ നടക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് റവാഡ ചന്ദ്രശേഖറിന് 15 മാസം കൂടി കാലാവധിയുണ്ടെങ്കിലും, സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ മാറ്റാൻ സാധ്യതയില്ല. എന്നാൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉൾപ്പെടെയുള്ള പ്രധാന തസ്തികകളിൽ ഉടൻ മാറ്റമുണ്ടാകും. എച്ച്. വെങ്കിടേഷിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. പകരം പി. വിജയനോ ദിനേന്ദ്ര കശ്യപോ ഈ പദവിയിലേക്ക് എത്തിയേക്കും. പി. വിജയനെ ക്രമസമാധാന ചുമതലയിലേക്ക് പരിഗണിച്ചാൽ ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് മേധാവിയാക്കാനാണ് ആലോചന.
ജില്ലാ പൊലീസ് മേധാവിമാർ, സിറ്റി കമ്മീഷണർമാർ എന്നിവരെയും മാറ്റും. ഇടത് ഭരണകാലത്ത് മാറ്റിനിർത്തപ്പെട്ട യോഗേഷ് ഗുപ്തയെ പ്രധാന പദവിയിലെത്തിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, വി.ഡി സതീശനെതിരായ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. എസ്ഐ മുതൽ ഡിവൈഎസ്പി വരെയുള്ള തലങ്ങളിലും വ്യാപകമായ സ്ഥലംമാറ്റങ്ങൾ ഉണ്ടാകും. യുഡിഎഫ് അധികാരമേൽക്കുന്നതോടെ തങ്ങളുടെ മുൻഗണനാ പട്ടികയിലുള്ള ഉദ്യോഗസ്ഥരെ താക്കോൽ സ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്.