‘തമിഴ്തായ് വാഴ്ത്ത്’ അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിമർശിച്ച് ഡിഎംകെയും സിപിഐയും
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപനം രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ചടങ്ങിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’ന് പകരം ‘വന്ദേമാതരം’ ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. തമിഴ് വികാരത്തെ അവഗണിച്ച് വിജയ് ബിജെപി പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ബംഗാളിൽ പോലും ഇല്ലാത്ത കീഴ്വഴക്കമാണ് തമിഴ്‌നാട്ടിൽ നടപ്പിലാക്കിയതെന്നും തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിജയ് അധിക്ഷേപിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2021-ൽ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലും വന്ദേമാതരം ആലപിച്ചിരുന്നുവെന്ന് പഴയ വീഡിയോകൾ പങ്കുവെച്ച് ടി.വി.കെ തിരിച്ചടിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടിയുടെ നിലപാട്.
അതേസമയം, അധികാരമേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സ്ക്വാഡും അദ്ദേഹം വാഗ്ദാനം ചെയ്തു. “എന്റെ ഹൃദയത്തിൽ കുടികൊള്ളുന്നവർ” എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, തന്റെ ഭരണത്തിൽ സമാന്തര അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഡിഎംകെയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. ഡിഎംകെ സർക്കാർ സംസ്ഥാനത്തെ പത്തുലക്ഷം കോടിയുടെ കടക്കെണിയിലാക്കിയെന്നും അഴിമതിയില്ലാത്ത സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.