11/05/2026
[fontresizer_tawhidurrahmandear_widget]

‘ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു’; അതൃപ്തി അറിയിച്ച് ശൈലജ

 ‘ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു’; അതൃപ്തി അറിയിച്ച് ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. വിജയിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചതിലാണ് ശൈലജ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. പേരാവൂരിൽ സണ്ണി ജോസഫിനോട് 14,553 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്.

സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതുവായ വിലയിരുത്തൽ. പാർട്ടിക്ക് ജനകീയ അടിത്തറ നഷ്ടമായെന്നും, വെറും കണ്ണിൽ പൊടിയിടുന്ന തിരുത്തലുകൾ കൊണ്ട് കാര്യമില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. പരാജയകാരണങ്ങൾ താഴെത്തട്ടിലുള്ള ഘടകങ്ങളിൽ നിന്ന് അന്വേഷിക്കണം. അണികളുടെ വികാരം മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് പരാജയം സംഭവിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

തോൽവിയെ കണക്കുകൾ നിരത്തി ലഘൂകരിക്കാൻ ശ്രമിക്കരുതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി യോഗത്തിൽ കർശന നിർദേശം നൽകി. വീഴ്ചകൾ ജനങ്ങളോട് തുറന്നു സമ്മതിക്കണമെന്നും താഴെത്തട്ടിലുള്ള പ്രവർത്തകരെ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണമെങ്കിലും, വിശദമായ പരിശോധനകളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.

Also read: