ബംഗാളിൽ പുതു ചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു
സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രമെഴുതി ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു 11.30-ഓടെ നടന്ന സത്യപ്രതിജ്ഞ. സുവേന്ദു അധികാരിക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
15 വർഷം നീണ്ടുനിന്ന മമതാ ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബംഗാളിൽ ആദ്യമായി ഒരു ബിജെപി സർക്കാർ അധികാരത്തിലെത്തുന്നത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം കൈവരിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന മമതാ ബാനർജിയെ അവരുടെ സ്വന്തം തട്ടകമായ ഭബാനിപൂരിൽ 15,105 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സുവേന്ദു അധികാരി വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മമതാ ബാനർജി രാജിവെക്കാൻ വിസമ്മതിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ഇവിഎം അട്ടിമറി ആരോപിച്ച മമതയുടെ നീക്കത്തെത്തുടർന്ന് ഗവർണർ നിയമസഭ പിരിച്ചുവിട്ടാണ് പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കിയത്. 2011-ൽ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ബിജെപിയെ കേവല ഭൂരിപക്ഷവും കടന്ന് വലിയ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സുവേന്ദു അധികാരി, ബംഗാളിലെ പാർട്ടിയുടെ മുഖമായി മാറിയിരിക്കുകയാണ്. നന്ദിഗ്രാമിലും ഭബാനിപൂരിലും മമതയെ പരാജയപ്പെടുത്തിയ ‘ജയന്റ് കില്ലർ’ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്നത്.