04/06/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധം’; കെ. സി. വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് വി.ഡി. സതീശൻ

 ‘ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധം’; കെ. സി. വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് വി.ഡി. സതീശൻ

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കെ.സി. വേണുഗോപാൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. വഴുതക്കാട്ടെ വീട്ടിലെത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സതീശൻ കെ.സി. വേണുഗോപാലിനെ കാണാനായെത്തിയത്. ഇരുവരും തമ്മിലുള്ള ചർച്ച അരമണിക്കൂറോളം നീണ്ടുനിന്നു.

തങ്ങൾ തമ്മിൽ എപ്പോഴും കാണാറുള്ളതാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. കോൺഗ്രസ് പ്രസ്ഥാനമാണ് തങ്ങൾക്ക് എല്ലാമെന്നും പാർട്ടി കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനൊപ്പവും തങ്ങൾ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഈ സർക്കാരിനെ നോക്കിക്കാണുന്നത്. വി.ഡി. സതീശനും പുതിയ സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകും. രാഷ്ട്രീയത്തിൽ വന്ന കാലം മുതൽക്കേ തങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും മുൻകാല കാര്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

തങ്ങൾ തമ്മിൽ ദൃഢമായ ആത്മബന്ധമാണുള്ളതെന്ന് വി.ഡി. സതീശനും പ്രതികരിച്ചു. വരുംകാര്യങ്ങളെല്ലാം പരസ്പരം കൂടിയാലോചിച്ച് മാത്രമേ തീരുമാനിക്കൂ. മാധ്യമങ്ങൾ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല. പാർട്ടിയിൽ ഏറെ പ്രധാനപ്പെട്ട പദവികൾ വഹിച്ച വ്യക്തിയാണ് കെ.സി. വേണുഗോപാലെന്നും ഒരു വിഷയത്തിലും തങ്ങൾക്കിടയിൽ തർക്കമില്ലെന്നും സതീശൻ വ്യക്തമാക്കി. വളരെ വേഗത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കും. നാളെ ഉച്ചകഴിയുന്നതോടെ മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറും. പൂർണ്ണമായും ജനാധിപത്യ പ്രക്രിയയിലൂടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്, അതിൽ ഏറെ അഭിമാനമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, തൻ്റെ വിശ്വസ്തരായ എംഎൽഎമാരെ പരിഗണിച്ചില്ലെങ്കിൽ പുതിയ മന്ത്രിസഭയിലേക്ക് താനില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ചെന്നിത്തലയുടെ പ്രധാന ആവശ്യം. ഇതിന് തയാറായില്ലെങ്കിൽ താൻ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാമെന്നാണ് വി.ഡി. സതീശൻ ചെന്നിത്തലയ്ക്ക് നൽകിയ മറുപടി.

Also read: