‘മമതയുടെ ജനപ്രീതിയിൽ മാത്രം ജയിച്ചവർ, ബിജെപിയെ നേരിടാൻ ശേഷിയില്ലാത്തവർ’; തൃണമൂൽ വിമതർക്കെതിരെ മഹുവ മൊയ്ത്ര
കൊൽക്കത്ത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ രൂക്ഷ വിമർശനവുമായി പാർട്ടി എംപി മഹുവ മൊയ്ത്ര രംഗത്ത്. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്ട്രീയ നേതൃത്വവും ജനപ്രീതിയും മാത്രം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയതെന്നും, പ്രതിപക്ഷ ബെഞ്ചുകളിൽ ഇരുന്ന് ബിജെപിയെ നേരിടാൻ ഒട്ടും ശേഷിയില്ലാത്ത പൂർണ്ണമായും ഉപയോഗശൂന്യരായ നേതാക്കളാണ് അവരെന്നും മഹുവ തുറന്നടിച്ചു. തൃണമൂലിന്റെ വിമത വിഭാഗം പാർട്ടിയിൽ മേൽക്കൈ അവകാശപ്പെടുകയും ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു മഹുവയുടെ ഈ ശക്തമായ പ്രതികരണം.
തൃണമൂൽ കോൺഗ്രസിലെ ഈ വിഭജനത്തിന് പിന്നിൽ പൂർണ്ണമായും ബി.ജെ.പിയാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. വിമത നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കടുത്ത നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ക്യാമ്പുകൾ മാറാൻ ബിജെപി എംഎൽഎമാർക്ക് മേൽ സമ്മർദം ചെലുത്തിയത്. എംഎൽഎ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർ വർഷങ്ങളോളം ബംഗാളിൽ അധികാരത്തിലിരുന്നിട്ടും ഇനി പ്രതിപക്ഷത്ത് തുടർന്ന് പ്രവർത്തിക്കാൻ ഒട്ടും തയാറല്ലെന്നും, പകരം അവർ തങ്ങളുടെ വ്യക്തിപരമായ രക്ഷയ്ക്കായി സുരക്ഷിത മാർഗം തേടുകയാണെന്നും മഹുവ മൊയ്ത ആരോപിച്ചു.
‘പൂർണമായും ഉപയോഗ ശൂന്യരായ, മമത ദീദിയുടെ വ്യക്തിപ്രഭാവത്തിൽ ജയിച്ചുവന്ന്, പാർട്ടിയെ മുതലെടുത്ത ആളുകൾ. ദയവായി നിങ്ങൾ സ്വയം മുന്നോട്ടുപോകൂ. എന്നാൽ, നിങ്ങളെ തൃണമൂൽ കോൺഗ്രസ് എന്നു മാത്രം വിളിക്കരുത്’ -മഹുവ പറഞ്ഞു. നിലവിൽ സംഭവിക്കുന്നതെന്താണെന്ന് നമ്മൾ മനസിലാക്കണം. ബിജെപി പ്രതിപക്ഷ നേതാക്കളെ പോലും തെരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു. പാർട്ടികൾ പിളരുന്നതിൽ മാത്രം തൃപ്‌തരാകാതെ, അവർ വിജയിച്ച സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ പോലും തങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുന്നുവെന്നും മഹുവ കൂട്ടിച്ചേർത്തു.
നിയമസഭാംഗങ്ങളെ വിലയ്ക്കെടുക്കാനും പിളർത്താനുമുള്ള കൃത്യമായ ഓപ്പറേഷൻ ബി.ജെ.പി തന്നെയാണ് ആസൂത്രണം ചെയ്തത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് പാർട്ടിക്കൊപ്പമുണ്ടായിരുന്ന ഓരോ എം.എൽ.എമാരുടെയും വ്യക്തിപരമായ ബലഹീനതകൾ കൃത്യമായി അറിയാമെന്നും അവരെ വ്യക്തിപരമായി ലക്ഷ്യംവെച്ചാണ് ബിജെപി കരുക്കൾ നീക്കിയതെന്നും മഹുവ ആരോപിച്ചു. കൂറുമാറിയവരിൽ പലരും വർഷങ്ങളായി അധികാരത്തിൽ തുടരാൻ മാത്രം ശീലിച്ചുപോയവരാണെന്നും അവർക്ക് ഇനി ഒരു പ്രതിപക്ഷ പാർട്ടിയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.