02/03/2026
[fontresizer_tawhidurrahmandear_widget]

മോദിക്കെതിരെ കോണ്‍ഗ്രസിന്‍റെ ഷര്‍ട്ടൂരി പ്രതിഷേധം; മുംബൈയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപിയുടെ കരിങ്കൊടി പ്രയോഗം

 മോദിക്കെതിരെ കോണ്‍ഗ്രസിന്‍റെ ഷര്‍ട്ടൂരി പ്രതിഷേധം; മുംബൈയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപിയുടെ കരിങ്കൊടി പ്രയോഗം

മുംബൈ: കോൺഗ്രസിന്റെ ഷർട്ട് ധരിക്കാതെയുള്ള പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട്’ ഉച്ചകോടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി ബിജെപി രംഗത്തിറങ്ങിയത്. ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ജാമ്യം പുതുക്കുന്നതിനായി താനെയിലേക്ക് പോകുന്നതിനിടെ മുംബൈയിലെ മുളുണ്ടിൽ വെച്ചാണ് രാഹുലിനെതിരെ പ്രതിഷേധമുണ്ടായത്.

ഡൽഹി, സൂറത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുളുണ്ടിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർ ‘ലഷ്‌കറെ രാഹുൽ’ ഉൾപ്പെടെയുള്ള വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഉച്ചകോടി വേദിയിലേക്ക് ഷർട്ട് ധരിക്കാതെ ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് അംഗങ്ങൾ യുഎസുമായുള്ള വ്യാപാര കരാറിനെതിരെ പ്രതിഷേധിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, കുന്ദൻ യാദവ് ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതീവ സുരക്ഷയുള്ള വേദിയിലേക്ക് ക്യുആർ കോഡുകൾ സംഘടിപ്പിച്ചാണ് ഇവർ പ്രവേശിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്റ്റ്‌വെയർ സഹായം തേടിയതായും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകർക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ നടത്തിയ പരാമർശത്തിലാണ് രാഹുൽ ഗാന്ധി നിലവിൽ താനെയിൽ മാനനഷ്ടക്കേസ് നേരിടുന്നത്.

Also read: