02/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനിലെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ; രാജ്യത്തുടനീളം അപായ സൈറണുകൾ, ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദേശം

 ഇറാനിലെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ; രാജ്യത്തുടനീളം അപായ സൈറണുകൾ, ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദേശം

തെൽ അവീവ്: ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ കനത്ത പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി ബങ്കറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ ഹോം ഫ്രണ്ട് കമാൻഡ് കർശന നിർദേശം നൽകി.

യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും ജോലികൾക്കും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിൽ സുരക്ഷിതമായ ബങ്കറുകളുള്ള തൊഴിലിടങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും കർശന നിയന്ത്രണങ്ങളുണ്ട്.

ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് രാജ്യത്ത് 48 മണിക്കൂർ നേരത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശനിയാഴ്ച പുലർച്ചെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ, പ്രത്യേകിച്ച് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കാര്യാലയത്തിന് സമീപം ഉൾപ്പെടെ ഇസ്രയേൽ വൻ ബോംബാക്രമണം നടത്തിയിരുന്നു.

ഇതിന് മറുപടിയായി ഇറാന്റെയും ലെബനനിലെ ഹിസ്ബുല്ലയുടെയും ഭാഗത്തുനിന്ന് ഇസ്രയേലിലേക്ക് ഉടനടി മിസൈൽ വർഷം തന്നെയുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ കനത്ത ജാഗ്രത. തെൽ അഅവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റോഡുകളെല്ലാം വിജനമാണ്. വിമാനത്താവളങ്ങളുടെ പ്രവർത്തനവും ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്തെ മുഴുവൻ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: