ഞെട്ടിച്ച് ഖൈബർ മിസൈലുകൾ; നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ച് ഇറാൻ
തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ നേരിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് ഇറാൻ ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഹൃദയഭാഗത്തെത്തന്നെ പ്രകമ്പനം കൊള്ളിക്കുന്നതാണ് ഈ നീക്കം.
പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ, ഇസ്രയേലിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും തങ്ങളുടെ മിസൈലുകൾ തകർത്തതായി ഇറാൻ അവകാശപ്പെടുന്നുണ്ട്. അതീവ പ്രഹരശേഷിയുള്ളതും ഇസ്രയേലിന്റെ റഡാറുകളെ വെട്ടിക്കാൻ ശേഷിയുള്ളതുമായ പുതിയ തലമുറ ബാലിസ്റ്റിക് മിസൈലാണ് ഖൈബർ ഷെക്കാൻ. ഇത് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമാണിതെന്ന് ഐആർജിസി വ്യക്തമാക്കി. ആക്രമണത്തിൽ ഇസ്രയേൽ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി സുരക്ഷിതനാണോ എന്നതിനെക്കുറിച്ചോ ഇസ്രയേൽ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ ഇസ്രയേൽ വിട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിമാനം ജർമനിയിൽ എത്തിയതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്ത്. യുദ്ധസാഹചര്യത്തെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് വിങ് ഓഫ് സയൺ ബെർലിനിലെ വിമാനത്താവളത്തിൽ എത്തിച്ചിരിക്കുന്നതെന്നാണു വിവരം.
ഇറാനുമായി ചർച്ചയ്ക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്നും ഇസ്രയേലിനെതിരെ കടുത്ത നടപടികൾ തുടരുമെന്നും ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ആവർത്തിച്ചു.