‘ഇറാൻ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ച് ആക്രമിക്കുന്നു’; യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ
തെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ. ഇസ്രയേലിന്റെ മധ്യമേഖലകളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപിച്ചു. ഇസ്രയേൽ പോലീസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച നടന്ന മിസൈൽ വർഷത്തിൽ, ജനവാസ മേഖലകളിൽ വീണ മിസൈലുകളിൽ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ അടങ്ങിയിരുന്നതായാണ് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യ ഇസ്രയേലിലെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. ഇതിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
ആകാശത്തുവെച്ച് മിസൈലിന്റെ പോർമുന പിളരുകയും ഏകദേശം 20 ചെറിയ ബോംബുകൾ എട്ടു കിലോമീറ്റർ ചുറ്റളവിൽ ചിതറി വീഴുകയും ചെയ്യുന്ന രീതിയാണ് ക്ലസ്റ്റർ ബോംബിന്റേത്. ഓരോ ചെറിയ ബോംബിലും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകും. ജനസാന്ദ്രതയുള്ള മേഖലകളിൽ ഇത്തരം ആയുധങ്ങൾ പ്രയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇസ്രയേൽ സൈനിക വക്താവ് ആരോപിച്ചു.
മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി മെഡിക്കൽ സേവന വിഭാഗമായ മാഗൻ ഡേവിഡ് അദോം അറിയിച്ചു. പരിക്കേറ്റവരിൽ 40 വയസ്സുള്ള ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.
നിലവിലെ സംഘർഷത്തിന് പുറമെ, 2025 ജൂണിൽ നടന്ന യുദ്ധത്തിലും ഇറാൻ ഇസ്രയേലിന് നേരെ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി ഐഡിഎഫ് ആരോപിച്ചിരുന്നു. ഇത്തരം ബോംബുകൾ പ്രയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ സിവിൽ ഡിഫൻസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.