04/03/2026
[fontresizer_tawhidurrahmandear_widget]

‘പാകിസ്ഥാനെ അടിമയാക്കാൻ ഇന്ത്യയും ഇറാനും അഫ്ഗാനും ശ്രമിക്കുന്നു’; ഖ്വാജ ആസിഫ്

 ‘പാകിസ്ഥാനെ അടിമയാക്കാൻ ഇന്ത്യയും ഇറാനും അഫ്ഗാനും ശ്രമിക്കുന്നു’; ഖ്വാജ ആസിഫ്

ഇസ്ലാമാബാദ്: പാകിസ്ഥാനെ ‘ആശ്രിത രാജ്യം’ (Vassal State) ആക്കി മാറ്റാൻ അഫ്ഗാനിസ്ഥാനും ഇറാനും ഇന്ത്യയും ചേർന്ന് ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാൻ അതിർത്തികളിൽ ഇസ്രയേലിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി സയണിസ്റ്റ് ശക്തികൾ ഇറാൻ യുദ്ധം ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ഇന്നലെ അവകാശപ്പെട്ടു. എക്സിലൂടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

ഫലസ്തീൻ ഭൂമിയിൽ ഇസ്രയേൽ സ്ഥാപിതമായതു മുതൽ ഇസ്ലാമിക ലോകത്തിനുണ്ടായ എല്ലാ ദുരന്തങ്ങൾക്കും യുദ്ധങ്ങൾക്കും പിന്നിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമുണ്ടെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ഒരു നൂറ്റാണ്ടായി ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്നത് സയണിസമാണ്. ഇറാൻ സമാധാന കരാറിന് തയ്യാറായിട്ടും അവരുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുകയാണ്. ഇസ്രയേലിന്റെ അജണ്ട പാകിസ്ഥാൻ അതിർത്തി വരെ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സംയുക്ത നീക്കം പാകിസ്ഥാനോടുള്ള ശത്രുതയുടെ ഭാഗമാണ്. അതിർത്തികൾ അരക്ഷിതമാക്കുക, എല്ലാ വശങ്ങളിൽ നിന്നും ശത്രുക്കളാൽ വളയുക എന്നിവയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയമോ മതപരമോ ആയ വിത്യാസങ്ങൾ മറന്ന് 250 ദശലക്ഷം പാകിസ്ഥാനികളും തങ്ങളുടെ നിത്യശത്രുക്കളുടെ ഗൂഢാലോചനയും ഉദ്ദേശ്യങ്ങളും തിരിച്ചറിയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പാകിസ്ഥാൻ ആണവ ശക്തിയാണെന്നും അവരുടെ സായുധ സേനയുടെ കരുത്ത് ലോകം അംഗീകരിച്ചതാണെന്നും ആസിഫ് ഓർമ്മിപ്പിച്ചു. പാകിസ്ഥാനെ ആണവശക്തിയാക്കുന്നതിൽ പങ്കുവഹിച്ചവരെ ആദരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Also read: