04/03/2026
[fontresizer_tawhidurrahmandear_widget]

‘ഇത് നെതന്യാഹുവിന് വേണ്ടിയുള്ള യുദ്ധം, വിനാശകരമാകും’; ട്രംപിനെതിരെ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ

 ‘ഇത് നെതന്യാഹുവിന് വേണ്ടിയുള്ള യുദ്ധം, വിനാശകരമാകും’;  ട്രംപിനെതിരെ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ

വാഷിങ്‌ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വധത്തിലേക്കും മിഡിൽ ഈസ്റ്റിലെ സംഘർഷത്തിലേക്കും നയിച്ച യുഎസ് സൈനിക നടപടിക്കെതിരെ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രതിഷേധം പുകയുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി യുദ്ധം ആരംഭിച്ചത് നുണകളെ അടിസ്ഥാനമാക്കിയാണെന്നും രാജ്യത്തിന് ആസന്നമായ ഭീഷണികളൊന്നും നിലവിലുണ്ടായിരുന്നില്ലെന്നും പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു.

പദ്ധതിയില്ലാത്ത യുദ്ധമെന്ന് വിമർശനം

ക്യാപിറ്റോളിൽ നടന്ന രഹസ്യ വിവരശേഖരണത്തിന് ശേഷം സെനറ്റർ എലിസബത്ത് വാറൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഈ നിയമവിരുദ്ധ യുദ്ധത്തിന് കൃത്യമായ കാരണങ്ങളില്ല. യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്നതിനെക്കുറിച്ച് ട്രംപിന് ഒരു പദ്ധതിയുമില്ല, ഇത്‌ വിനാശകരമായ നീക്കമാണ്‌” അവർ എക്‌സിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താല്പര്യപ്രകാരമാണ് ട്രംപ് യുഎസിനെ യുദ്ധത്തിലേക്ക് നയിച്ചതെന്ന് സെനറ്റർ ആംഗസ് കിംഗ് കുറ്റപ്പെടുത്തി. ഇറാനിൽ ബോംബിടാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിന്റെ യുക്തിയെ ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസും ചോദ്യം ചെയ്തു.

ന്യായീകരണവുമായി ട്രംപ്

അതേസമയം, ഇറാൻ ആദ്യം ആക്രമിക്കുമെന്ന രഹസ്യവിവരത്തെത്തുടർന്നാണ് മുൻകൂർ നടപടി സ്വീകരിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലിനെതിരെയുള്ള ഇറാന്റെ തിരിച്ചടി തടയാനാണ് യുഎസ് ഇടപെട്ടതെന്ന് ഉന്നത ഉദ്യോഗസ്ഥനായ മാർക്കോ റൂബിയോയും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, കൂടുതൽ സൈനിക നടപടികൾക്ക് അംഗീകാരം നിർബന്ധമാക്കുന്ന ‘യുദ്ധാധികാര പ്രമേയത്തിൽ’ യുഎസ് സെനറ്റ് ഉടൻ വോട്ടെടുപ്പ് നടത്തും.

Also read: