‘ഖാംനഇയുടെ മരണം കൊണ്ടുമാത്രം ഇറാൻ ഭരണം വീഴില്ല’; മുന്നറിയിപ്പുമായി മുൻ രാജ്ഞി ഫറ പഹ്ലവി
പാരിസ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണം ചരിത്രപരമായ പ്രാധാന്യമുള്ളതാണെങ്കിലും, അത് ഇറാനിലെ നിലവിലെ ഭരണകൂടത്തിന്റെ പതനത്തിലേക്ക് തനിയെ നയിക്കില്ലെന്ന് മുൻ ഇറാൻ ചക്രവർത്തി റസ പഹ്ലവിയുടെ വിധവ. ഖാംനഇ കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ഫറ പഹ്ലവി ഇക്കാര്യം വ്യക്തമാക്കിയത്.
അധികാരകേന്ദ്രത്തിന്റെ നെടുംതൂണായ ഒരാൾ വിടവാങ്ങുന്നത് കൊണ്ട് മാത്രം ഒരു വ്യവസ്ഥിതി അവസാനിക്കണമെന്നില്ലെന്ന് 87-കാരിയായ ഫറ പഹ്ലവി പറഞ്ഞു. സമാധാനപരവും ക്രമബദ്ധവുമായ ഒരു മാറ്റത്തിനായി ഇറാനിലെ ജനങ്ങൾ ഒന്നിച്ചുനിൽക്കുന്നതാണ് നിർണായകം. ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കണം. സ്വന്തം വിധി നിർണയിക്കാൻ ഇറാനിലെ ജനങ്ങളെ സഹായിക്കണമെന്നും അവർ അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു.
മകൻ റെസ പഹ്ലവി, നിലവിലെ റിപബ്ലിക് തകരുകയാണെങ്കിൽ പകരം ഭരണം ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതായി അവർ സൂചിപ്പിച്ചു. ഇറാന്റെ വിവിധ ഗോത്രവർഗങ്ങൾക്കിടയിൽ ദേശീയ ഐക്യമുണ്ടാകണമെന്ന് 65-കാരനായ റെസ പഹ്ലവി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റെസ പഹ്ലവിയെ പിന്തുണയ്ക്കാൻ തയാറല്ലെന്നാണു പുറത്തുവരുന്ന വിവരം. ഇറാന്റെ അടുത്ത നേതാവാകാൻ അവിടെത്തന്നെയുള്ള ജനപ്രിയനായ ഒരാളാകും കൂടുതൽ അനുയോജ്യമെന്നാണ് ട്രംപിന്റെ നിലപാട്. ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഭരണകൂടത്തിനുള്ളിൽനിന്ന് തന്നെയുള്ള ഒരാൾ നേതൃത്വത്തിലേക്ക് വരുന്നത് പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.