06/03/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്’; അമേരിക്കൻ കരസേനയ്ക്ക് വൻ ദുരന്തം നേരിടേണ്ടി വരുമെന്ന് ഇറാൻ

 ‘ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്’; അമേരിക്കൻ കരസേനയ്ക്ക് വൻ ദുരന്തം നേരിടേണ്ടി വരുമെന്ന് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനു നേരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ അധിനിവേശമുണ്ടായാൽ നേരിടാൻ ഇറാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുഎസ് ആക്രമണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്ന മറുപടിയാണ് അരാഗ്ചി നൽകിയത്. യുദ്ധം ആഗ്രഹിക്കുന്നതുകൊണ്ടല്ല ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും, എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ തങ്ങൾ സുസജ്ജമാണെന്ന് ലോകത്തെ അറിയിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാല സംഘർഷങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ തങ്ങളുടെ സൈന്യത്തിന് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയുമായുള്ള ചർച്ചകൾക്കോ വെടിനിർത്തൽ നീക്കങ്ങൾക്കോ ഇറാൻ നിലവിൽ തയാറല്ല. മുൻകാലങ്ങളിൽ ചർച്ചകൾക്കിടയിൽ പോലും അമേരിക്ക ആക്രമണം നടത്തിയ അനുഭവം ഇറാന്റെ വിശ്വാസ്യത തകർത്തുവെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ സത്യസന്ധതയില്ലാത്തവരുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുന്നതിൽ അർത്ഥമില്ലെന്നാണ് ഇറാന്റെ നിലപാട്.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് അധികാര ശൂന്യതയുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി. ഭരണസംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും പുതിയ നേതാവിനെ വിദഗ്ദ്ധ സമിതി ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകൾ അനുവദിക്കില്ലെന്നും അരാഗ്ചി വ്യക്തമാക്കി.

മിനാബിലെ പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 171 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിൽ ആരും വിജയികളാകില്ലെന്നും, എന്നാൽ അധിനിവേശത്തെ ചെറുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം മേഖലയിലുടനീളം പടരുന്ന പശ്ചാത്തലത്തിൽ ഇറാന്റെ ഈ കർശന നിലപാട് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Also read: