‘യുഎസ് സൈന്യത്തിനായി കാത്തിരിക്കുന്നു’; ഹോർമുസ് കടലിടുക്കിൽ വെല്ലുവിളിയുമായി ഇറാൻ
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യത്തിന്റെ സാന്നിധ്യത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ. തന്ത്രപ്രധാനമായ ജലപാതയിലൂടെ കപ്പലുകൾക്ക് യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാർഡ്‌സ് വക്താവ് അലി മുഹമ്മദ് നൈനി വെല്ലുവിളിയുമായി രംഗത്തെത്തിയത്.
മേഖലയിൽ യുദ്ധസാഹചര്യം രൂക്ഷമാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ നീക്കം. എന്നാൽ, 1987-ൽ അമേരിക്കൻ സൂപ്പർടാങ്കർ ‘ബ്രിഡ്ജ്ടണിന്’ നേരിട്ട അപകടവും ടാങ്കറുകൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളും യുഎസ് ഓർക്കണമെന്ന് നൈനി മുന്നറിയിപ്പ് നൽകി.
യുഎസ് നാവികസേനയുടെ സുരക്ഷയിൽ നീങ്ങിയ ബ്രിഡ്ജ്ടൺ ടാങ്കർ അന്ന് തകർക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ ഭീഷണി. ഫാർസ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ സാഹചര്യത്തിൽ യുഎസ് ഇടപെടൽ കടലിടുക്കിലെ സംഘർഷം വർധിപ്പിക്കാനാണ് സാധ്യത.