അമേരിക്കൻ സൈനികർ ഇറാൻ സൈന്യത്തിന്റെ പിടിയിൽ? ബന്ദികളാക്കിയെന്ന് ലാരിജാനി; വാർത്ത തള്ളി വൈറ്റ് ഹൗസ്
തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവേ, അമേരിക്കൻ സൈനികരെ ഇറാൻ പിടികൂടിയതായി റിപ്പോർട്ട്. അയൽരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയാണ് യുഎസ് സൈനികരെ ബന്ദികളാക്കി പിടിച്ചതെന്നാണു വിവരം. ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഈ വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് യുഎസ് പ്രതികരിച്ചു.
ഇറാന്റെ അയൽരാജ്യങ്ങളിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈനികരെ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി ബന്ധികളാക്കിയതായാണ് അലി ലാരിജാനി അവകാശപ്പെട്ടത്. എത്ര സൈനികർ തടവിലുണ്ടെന്നോ ഏത് രാജ്യത്തുനിന്നാണ് ഇവരെ പിടികൂടിയതെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ നിരവധി യുഎസ് സൈനികരെ ഇറാൻ പിടികൂടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണിപ്പോൾ ഇറാൻ ഔദ്യോഗികമായൊരു സ്ഥിരീകരണം നൽകിയിരിക്കുന്നത്.
അതേസമയം, തങ്ങളുടെ സൈനികരെ ഇറാൻ പിടികൂടിയെന്ന റിപ്പോർട്ടുകൾ അമേരിക്ക ഔദ്യോഗികമായി നിഷേധിച്ചു. ഇത് ഇറാന്റെ ഭാഗത്തുനിന്നുള്ള വെറും വ്യാജപ്രചാരണം മാത്രമാണെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. മിഡിലീസ്റ്റിലെ യുഎസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്ന സെന്റ്‌കോമും ഇക്കാര്യത്തിൽ നിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സൈനികരെ ബന്ധികളാക്കിയെന്ന വാർത്തകൾ ശരിയാണെങ്കിൽ അത് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തങ്ങളുടെ സൈനികർ സുരക്ഷിതരാണെന്നും ഇറാന്റെ ഭീഷണികളെ വകവെക്കില്ലെന്നുമാണ് പെന്റഗണിന്റെ നിലപാട്. അതേസമയം, ഇറാനിലെ റെവല്യൂഷണറി ഗാർഡ് കമാൻഡർമാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും ആയുധം വെച്ച് കീഴടങ്ങാൻ ട്രംപ് വീണ്ടും ആവശ്യപ്പെട്ടു.