30/03/2026
[fontresizer_tawhidurrahmandear_widget]

എയർ ഡിഫൻസ് മിസൈലുകൾ തീരുന്നു; ദ. കൊറിയയിൽനിന്ന് പേട്രിയറ്റ് മിസൈലുകൾ കൊണ്ടുപോകാൻ അമേരിക്കൻ നീക്കം, എതിർത്ത് പ്രസിഡന്റ്

 എയർ ഡിഫൻസ് മിസൈലുകൾ തീരുന്നു; ദ. കൊറിയയിൽനിന്ന് പേട്രിയറ്റ് മിസൈലുകൾ കൊണ്ടുപോകാൻ അമേരിക്കൻ നീക്കം, എതിർത്ത് പ്രസിഡന്റ്

സോൾ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റാൻ അമേരിക്കൻ നീക്കം. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പെന്റഗണിന്റെ അടിയന്തര നടപടി. എന്നാൽ, നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകായണ് ദക്ഷിണ കൊറിയ. യുഎസ് തീരുമാനത്തിൽ തങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ് പരസ്യമായി വ്യക്തമാക്കിയതായി ‘സിഎൻബിസി’ റിപ്പോർട്ട് ചെയ്തു.

ദക്ഷിണ കൊറിയയുടെ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുള്ള ആയുധങ്ങൾ മറ്റൊരു യുദ്ധഭൂമിയിലേക്ക് മാറ്റുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രസിഡന്റ് ലീ പറഞ്ഞു. എന്നാൽ, യുഎസ് സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആയുധങ്ങൾ മാറ്റുന്നത് തടയാൻ ദക്ഷിണ കൊറിയയ്ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പശ്ചിമേഷ്യയിൽ വലിയ തോതിൽ മിസൈലുകൾ ആവശ്യമായി വരുന്നുണ്ട്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5.6 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്കയ്ക്ക് ചെലവായത്. ഈ ആയുധക്ഷാമം പരിഹരിക്കാനാണ് ദക്ഷിണ കൊറിയയിലെ ഒസാൻ എയർ ബേസിൽ നിന്നുള്ള പേട്രിയറ്റ് സംവിധാനങ്ങൾ മാറ്റുന്നത്.

ഉത്തര കൊറിയയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ആയുധങ്ങൾ മാറ്റുന്നത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തിയതും പ്രതിരോധ സംവിധാനം ശക്തമാക്കിയതുമെല്ലാം ആശങ്കയായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കൊറിയൻ സൈന്യത്തിന്റെ സ്വന്തം പ്രതിരോധശേഷി കരുത്തുള്ളതാണെന്നും അമേരിക്കൻ ആയുധങ്ങൾ മാറുന്നത് രാജ്യത്തെ പൂർണമായും തളർത്തില്ലെന്നും പ്രസിഡന്റ് ലീ അവകാശപ്പെടുന്നുണ്ട്.

പേട്രിയറ്റ് മിസൈലുകൾ കൊണ്ടുപോകുന്നതിനായി അമേരിക്കയുടെ കൂറ്റൻ സി-17 സൈനിക വിമാനങ്ങൾ ഇതിനകം തന്നെ സോളിലെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ അതീവ ശേഷിയുള്ള താഡ് മിസൈൽ സംവിധാനത്തിന്റെ ഭാഗങ്ങളും പശ്ചിമേഷ്യയിലേക്ക് മാറ്റിയേക്കും.

Also read: