‘അവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ലല്ലോ, പൊതുമരാമത്ത് മന്ത്രിയെ വിളിക്കാത്തത് തെറ്റ് തന്നെയാണ്’- സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഉദ്ഘാടനങ്ങൾ വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പണി പൂർത്തിയാകാത്ത റോഡുകൾ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഉൾപ്പെടെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പരിപാടികൾ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും ചടങ്ങുകളിൽ ക്ഷണിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്ന് സതീശൻ ഓർമ്മിപ്പിച്ചു. ഓരോ കിലോമീറ്റർ റോഡ് പണിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസപാത്രങ്ങളാക്കുകയാണ്. പാറ പൊട്ടിക്കുന്നതിന് വരെ ഉദ്ഘാടനം നടത്തുന്ന ഭരണാധികാരിയെ ലോകചരിത്രത്തിൽ ആദ്യമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അദ്ദേഹം പരിഹസിച്ചു.
നിലവിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഉദ്ഘാടനങ്ങളെ ചൊല്ലി നടത്തുന്ന തർക്കങ്ങൾ വെറും നാടകമാണ്. മെട്രോ റെയിൽ പദ്ധതി ഏതാണ്ട് പൂർത്തിയായിട്ടും പണി മുഴുവിപ്പിക്കാത്തതിനാൽ അത് ഉദ്ഘാടനം ചെയ്യാതിരുന്ന ഉമ്മൻചാണ്ടിയുടെ രീതി ഇന്നത്തെ ഭരണാധികാരികൾ കണ്ടുപഠിക്കണമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.