28/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയെ കൈവിട്ട് ഉറ്റസഖ്യകക്ഷികളും; ഈ യുദ്ധത്തിൽ നാറ്റോയ്ക്ക് റോളില്ലെന്ന് ബ്രിട്ടനും ജർമനിയും

 അമേരിക്കയെ കൈവിട്ട് ഉറ്റസഖ്യകക്ഷികളും; ഈ യുദ്ധത്തിൽ നാറ്റോയ്ക്ക് റോളില്ലെന്ന് ബ്രിട്ടനും ജർമനിയും

ലണ്ടൻ/ബെർലിൻ: ഇറാൻ-ഇസ്രായേൽ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഞെട്ടിച്ച് സഖ്യരാജ്യങ്ങളുടെ കൂട്ടപ്പിന്മാറ്റം. ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകണമെന്ന ട്രംപിന്റെ അന്ത്യശാസനം ബ്രിട്ടനും ജർമനിയും ഔദ്യോഗികമായി തള്ളി. ഈ യുദ്ധം നാറ്റോയുടെ പദ്ധതിയല്ലെന്നും അതിനാൽ സഖ്യസേനയ്ക്ക് ഇതിൽ പങ്കില്ലെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. നേരത്തെ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും യുദ്ധത്തിൽ പങ്കാളികളാകാനില്ലെന്നു വ്യക്തമാക്കിയിരുന്നു.

ഈ യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ തടസ്സം നീക്കാൻ മൈൻ ഹണ്ടിങ് ഡ്രോണുകൾ വിന്യസിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നല്ലാതെ, യുദ്ധക്കപ്പലുകൾ അയക്കാനോ നേരിട്ട് യുദ്ധത്തിൽ പങ്കുചേരാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് തങ്ങളുടെ യുദ്ധമല്ല, തങ്ങൾ തുടങ്ങിയതുമല്ലെന്നായിരുന്നു ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് തുറന്നടിച്ചത്. ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ കപ്പലുകൾ അയക്കണമെന്ന ട്രംപിന്റെ വാദത്തെ അദ്ദേഹം പരിഹസിച്ചു. അമേരിക്കൻ നാവികസേനയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത എന്ത് കാര്യമാണ് യൂറോപ്പിലെ ഏതാനും കപ്പലുകൾക്ക് ചെയ്യാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം നാറ്റോയുടെ പരിധിയിൽ വരുന്നതല്ലെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ വക്താവും വ്യക്തമാക്കി. നാറ്റോ ഒരു പ്രതിരോധ സഖ്യമാണെന്നും എന്നാൽ ഇറാൻ യുദ്ധം അമേരിക്കയും ഇസ്രയേലും ചേർന്ന് തുടങ്ങിയതാണെന്നും അതിനാൽ ഇതിന്റെ ഉത്തരവാദിത്തം സഖ്യരാജ്യങ്ങൾക്കില്ലെന്നും ജർമനി ആവർത്തിച്ചു.

സഹായം നൽകിയില്ലെങ്കിൽ നാറ്റോയ്ക്ക് വളരെ മോശം ഭാവിയായിരിക്കും വരാനിരിക്കുന്നതെന്ന ട്രംപിന്റെ ഭീഷണിയെ ബ്രിട്ടനും ജർമനിയും വകവെച്ചില്ല. സഖ്യകക്ഷികൾ ഒപ്പം നിൽക്കുന്നില്ലെങ്കിൽ നാറ്റോ തകരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരം ഭിന്നതകൾ കൊണ്ട് നാറ്റോ തകരില്ലെന്നായിരുന്നു ജർമനിയുടെ മറുപടി.

കാനഡ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്പിലെ കരുത്തരായ ബ്രിട്ടനും ജർമനിയും പിന്മാറിയതോടെ ഇറാൻ യുദ്ധത്തിൽ അമേരിക്ക പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Also read: