‘നെതന്യാഹു മരിച്ചു!’; ഇസ്രയേലിൽ പരിഭ്രാന്തി പരത്തി എസ്എംഎസ് സന്ദേശങ്ങൾ; ജാഗ്രതാ നിർദേശവുമായി സൈബർ വിഭാഗം
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജ സന്ദേശങ്ങൾ ഇസ്രയേലിൽ പ്രചരിക്കുന്നു. ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) പേരിലാണ് പൗരന്മാർക്ക് എസ്എംഎസ് ലഭിക്കുന്നത്. എന്നാൽ, ഇസ്രയേൽ പൗരന്മാർക്കിടയിൽ ഭീതി പടർത്താനായി ഇറാന്റെ ഗൂഢനീക്കമാണിതെന്നാണു സൈന്യം പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ ‘യെദിയോത്ത് അഹ്രോനോത്ത്’ റിപ്പോർട്ട് ചെയ്തു.
ഇന്നു രാവിലെയാണ് പതിനായിരക്കണക്കിന് ഇസ്രായേലികൾക്ക് ഫോണുകളിൽ സന്ദേശങ്ങൾ ലഭിച്ചത്. യുദ്ധമുഖത്തെ പിരിമുറുക്കം മുതലെടുത്ത് സൈബർ ആക്രമണത്തിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ നാഷണൽ സൈബർ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ‘നെതന്യാഹു മരിച്ചു. മരണം നിങ്ങളെ തേടിയെത്തുന്നു. നരകത്തിന്റെ വാതിലുകൾ ഉടൻ നിങ്ങൾക്കായി തുറക്കും. ഇറാന്റെ മിസൈലുകൾ നിങ്ങളെ ചാരമാക്കുന്നതിന് മുൻപ് ഫലസ്തീൻ വിട്ടുപോവുക’-ഇങ്ങനെയായിരുന്നു സന്ദേശങ്ങളിൽ ഉണ്ടായിരുന്നത്.
ഔദ്യോഗിക ഹോം ഫ്രണ്ട് കമാൻഡിന്റെ സന്ദേശമെന്ന വ്യാജേന മറ്റൊരു തരം സന്ദേശവും പ്രചരിക്കുന്നുണ്ട്. ബോംബ് ഷെൽട്ടറുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ആപ്പ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ട് കൊണ്ടുള്ള ലിങ്കാണ് ഇതിൽ നൽകുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലെ സ്വകാര്യ വിവരങ്ങളും പാസ്വേഡുകളും ചോർത്തപ്പെടുമെന്ന് സുരക്ഷാ ഏജൻസിയായ ‘ചെക്ക് പോയിന്റ്’ വെളിപ്പെടുത്തി.
വിവിധ കമ്പനികളുടെ എസ്എംഎസ് സർവീസുകൾ ഹാക്ക് ചെയ്താണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ സന്ദേശങ്ങൾ വരുന്ന അതേ ത്രെഡുകളിൽ തന്നെ ഇവ വരുന്നതിനാൽ ആളുകൾക്ക് ഇത് തിരിച്ചറിയാൻ പ്രയാസമാണ്. പാസ്വേഡ് പ്രൊട്ടക്ഷൻ മാത്രമുള്ള കസ്റ്റമർ മെസേജിങ് ഇന്റർഫേസുകൾ വഴിയാണ് ഹാക്കർമാർ ഈ നീക്കം നടത്തുന്നത്.
ഹോം ഫ്രണ്ട് കമാൻഡ് ഒരിക്കലും എസ്എംഎസ് വഴി ആപ്പ് ലിങ്കുകൾ അയക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും സൈബർ വിഭാഗം നിർദ്ദേശിച്ചു.
പശ്ചിമേഷ്യൻ യുദ്ധം അതിശക്തമായി തുടരുന്നതിനിടെ സൈനിക നീക്കങ്ങൾക്ക് പുറമെ സൈബർ യുദ്ധത്തിലൂടെയും ഇസ്രയേലിനെ തളർത്താനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇസ്രയേൽ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ മൊസാദിന്റെ നീക്കത്തിന് തിരിച്ചടിയായാണ് ഇറാന്റെ ഈ സൈബർ ആക്രമണം വരുന്നത്.