4,000 കി. മീറ്റർ ദൂരത്തുള്ള യുഎസ്-യുകെ ബേസ് ആക്രമിച്ച് ഇറാൻ; ഡീഗോ ഗാർഷ്യ ദ്വീപിൽ ബാലിസ്റ്റിക് മിസൈൽ വർഷം
തെഹ്‌റാൻ: ഇറാൻ യുദ്ധം പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ അമേരിക്കൻ-ബ്രിട്ടീഷ് സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യയ്ക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. തങ്ങളുടെ അതിർത്തിയിൽനിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയുള്ള ദ്വീപിനെയാണ് ഇറാൻ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇറാൻ്റെ മിസൈൽ പ്രഹരശേഷി ലോകം കരുതിയതിലും എത്രയോ മുകളിലാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ആക്രമണം.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. എന്നാൽ, ഇവ ലക്ഷ്യസ്ഥാനത്ത് പതിച്ചില്ലെന്ന് യുഎസ് വൃത്തങ്ങൾ അവകാശപ്പെട്ടതായി ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് ആകാശത്തുവെച്ച് തന്നെ തകർന്നു വീണു. രണ്ടാമത്തെ മിസൈലിനെ കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള എസ്എം-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും അത് വിജയകരമായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇറാന്റെ മിസൈലുകൾക്ക് പരമാവധി 2,000 മുതൽ 3,000 കിലോമീറ്റർ വരെ മാത്രമേ പ്രഹരശേഷിയുള്ളൂ എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ, 4,000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യ ലക്ഷ്യം വെച്ചതോടെ യൂറോപ്പും ആഫ്രിക്കയുടെ ഭൂരിഭാഗവും ഇപ്പോൾ ഇറാന്റെ മിസൈൽ പരിധിയിലാണെന്ന് വ്യക്തമായി.
ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങൾ വിട്ടുനൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ ഈ തീരുമാനത്തിന് അനുമതി നൽകിയതിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി ശക്തമായി അപലപിച്ചിരുന്നു.
അമേരിക്കയുടെ ബി-52, ബി-2 തുടങ്ങിയ ഭീമൻ ബോംബർ വിമാനങ്ങളും ആണവ അന്തർവാഹിനികളും നിലയുറപ്പിച്ചിരിക്കുന്ന ഇടമാണ് ഡീഗോ ഗാർഷ്യ. പശ്ചിമേഷ്യയിലെയും ഏഷ്യയിലെയും സൈനിക നീക്കങ്ങൾ നിയന്ത്രിക്കുന്ന അമേരിക്കയുടെ ഏറ്റവും സുരക്ഷിതമായ താവളമായാണ് ഇതിനെ കരുതിയിരുന്നത്. ഇവിടെ ഇറാന്റെ മിസൈലുകൾ എത്തിയത് അമേരിക്കയിലും ബ്രിട്ടനിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ മിസൈൽ ശേഷി തകർത്തു എന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്രയും ദൂരപരിധിയുള്ള മിസൈലുകൾ ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചത് എന്നതും ശ്രദ്ധേയമാണ്.