04/06/2026
[fontresizer_tawhidurrahmandear_widget]

ഒടുവിൽ അമേരിക്ക മുട്ടുമടക്കുന്നു? ഇറാൻ്റെ ഊർജ നിലയങ്ങൾ ആക്രമിക്കുന്നത് താൽക്കാലിക‌മായി നിർത്തിയെന്ന് ട്രംപ്; പ്രതീക്ഷയോടെ ഗൾഫ് രാജ്യങ്ങൾ

 ഒടുവിൽ അമേരിക്ക മുട്ടുമടക്കുന്നു? ഇറാൻ്റെ ഊർജ നിലയങ്ങൾ ആക്രമിക്കുന്നത് താൽക്കാലിക‌മായി നിർത്തിയെന്ന് ട്രംപ്; പ്രതീക്ഷയോടെ ഗൾഫ് രാജ്യങ്ങൾ

വാഷിങ്ടൺ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിൽനിന്ന് അമേരിക്ക താൽക്കാലികമായി പിൻവാങ്ങുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഊർജ നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാൽ നിലവിലെ സൈനിക നീക്കങ്ങൾ നിർത്തിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിന് പകരമായി കനത്ത പ്രത്യാക്രമണത്തിനാണ് പെന്റഗൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ, യുദ്ധം കൂടുതൽ കടുപ്പിക്കുന്നത് ആഗോള പ്രതിസന്ധി രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. നയതന്ത്ര ചർച്ചകൾക്ക് ഒരവസരം കൂടി നൽകാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നത്. ഇറാൻ്റെ പ്രതികരണം അനുകൂലമാണെന്നും സമാധാനപരമായ പരിഹാരത്തിനാണ് മുൻഗണനയെന്നും ട്രംപ് പറഞ്ഞു.

ആണവ നിലയങ്ങളെയും ഊർജ സ്രോതസ്സുകളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ഒഴിവാക്കിയത് പശ്ചിമേഷ്യയിൽ വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്. തെഹ്റാൻ ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നാൽ അത് ആഗോള എണ്ണ വിപണിയെ തകർക്കുമെന്നും എണ്ണവില കുതിച്ചുയരുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, അമേരിക്കയുടെ പിന്മാറ്റം താൽക്കാലികമാണോ അതോ സ്ഥിരമായ സമാധാന ഉടമ്പടിയിലേക്ക് വഴിമാറുമോ എന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.

അമേരിക്ക ആക്രമണത്തിൽനിന്ന് പിന്മാറിയെങ്കിലും ഇസ്രയേൽ ഇപ്പോഴും ആക്രമണം തുടരുന്നുണ്ട്. തെൽ അവിവ് ലക്ഷ്യമിട്ടുള്ള ഭീഷണികൾ നിലനിൽക്കുന്നതിനാൽ തങ്ങളുടെ സൈനിക സജ്ജീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കുന്നത്.

Also read: