’നിരന്തരം മിസൈലുകളും ഡ്രോണുകളും പറക്കുന്നു, അടുത്തുള്ള കപ്പലിൽ മിസൈൽ പതിച്ചു’; ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളിലെ മലയാളി നാവികർ
കാസർകോട്: പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട് സ്വദേശികളാടക്കം ഒട്ടേറെ ഇന്ത്യൻ നാവികരും. 23 ദിവസമായി തുടരുന്ന പ്രതിസന്ധിയിൽ പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽ നിന്നുള്ള ക്യാപ്റ്റന്മാർ നിയന്ത്രിക്കുന്ന കപ്പലുകളും ഉൾപ്പെടുന്നു. നിലവിൽ സുരക്ഷിത കേന്ദ്രങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണെങ്കിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കൺമുന്നിൽ നടക്കുന്നത് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി മലയാളി ക്യാപ്റ്റൻ ഒരു മലയാള മാധ്യമത്തോട് പറഞ്ഞു.
കപ്പലിന് തൊട്ടടുത്തുകൂടി മിസൈലുകളും ഡ്രോണുകളും പറക്കുന്നത് പതിവാണെന്നും സമീപത്തുണ്ടായിരുന്ന ഒരു കപ്പലിൽ മിസൈൽ പതിച്ചതായും 27 വർഷത്തെ പ്രവൃത്തിപരിചയമുള്ള പള്ളിക്കര സ്വദേശിയായ ക്യാപ്റ്റൻ പറഞ്ഞു. തന്റെ കരിയറിൽ ഇത്രയും ഭയാനകമായ സാഹചര്യം ആദ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം മുറുകിയതോടെ നാവിഗേഷനെ സഹായിക്കുന്ന ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെട്ടത് യാത്ര കൂടുതൽ അപകടകരമാക്കിയിട്ടുണ്ട്. നാവികസേനയുടെ അകമ്പടിയില്ലാതെ മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് നാവികരുടെ പക്ഷം.
തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ 500 മീറ്റർ അകലെ വരെ മിസൈലുകൾ പതിച്ചതായി മറ്റൊരു നാവികൻ പറഞ്ഞു. കപ്പലുകളിൽ ഭക്ഷണം, കുടിവെള്ളം, ഇന്ധനം എന്നിവയുടെ ലഭ്യത കുറഞ്ഞു വരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ മനോവീര്യം തകർക്കാതിരിക്കാൻ കപ്പലുകൾക്കുള്ളിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും വീട്ടിൽ പോകാൻ കഴിയാത്തതും യുദ്ധഭീതിയും ഇവരെ വലയ്ക്കുന്നു.
ഇന്ത്യൻ പതാകയുള്ള 22 കപ്പലുകൾക്ക് പുറമെ നിരവധി വിദേശ കപ്പലുകളിലും മലയാളികൾ ജോലി ചെയ്യുന്നുണ്ട്. നയതന്ത്രതലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതായും മർച്ചന്റ് നേവി ഓഫീസേഴ്സ് അസോസിയേഷൻ നാവികരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.