അമേരിക്കൻ എഫ്-18 യുദ്ധവിമാനവും ഇറാൻ വെടിവെച്ചിട്ടു? ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക്. അമേരിക്കൻ നാവികസേനയുടെ കരുത്തായ എഫ്-18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പേർഷ്യൻ കടലിലെ ഇറാന്റെ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ചപ്പോഴാണ് വിമാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വിമാനം മിസൈൽ പ്രഹരമേറ്റ് തകരുന്നതിന്റെയും കടലിൽ പതിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാന്റെ തദ്ദേശീയ മിസൈൽ പ്രതിരോധ സംവിധാനമാണ് വിമാനത്തെ ലക്ഷ്യം വെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് പറന്നുയർന്ന വിമാനമാണ് തകർക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം അതീവ ഗൗരവത്തോടെയാണ് പെന്റഗൺ കാണുന്നത്. വിമാനം തകർക്കപ്പെട്ടെന്ന വാർത്തയെക്കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, മേഖലയിൽ തങ്ങളുടെ ഒരു വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ചില വൃത്തങ്ങൾ സൂചിപ്പിച്ചു. അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ പോലും ഇറാന്റെ പ്രതിരോധത്തിന് മുന്നിൽ വീഴുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങളും തകർത്തതായി ഇറാന്റെ അവകാശവാദങ്ങൾ പുറത്തുവന്നിരുന്നു. വിമാനങ്ങൾ തകർന്ന വിവരം യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആക്രമണശ്രമം ഉണ്ടായ കാര്യം സെൻ്റ്കോം വെളിപ്പെടുത്തിയിട്ടുണ്ട്. എഫ്-35 ഒരു യുദ്ധഭൂമിയിൽ ആക്രമണത്തിന് ഇരയാകുന്നത് തന്നെ ആദ്യത്തെ സംഭവമാണെന്നതും ശ്രദ്ധേയമാണ്.