ബങ്കറിലേക്ക് ഓടാൻ വെറും 15 സെക്കന്റ്, സൈറണുകൾ മുഴങ്ങിയത് 78,000 തവണ; ഇസ്രയേലിലെ ജനജീവിതം ദുരിതത്തിൽ
തെൽഅവീവ്: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിയത് എഴുപത്തിയെണ്ണായിരത്തിലധികം തവണയെന്ന് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഹോം ഫ്രണ്ട് കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ ഉദ്ധരിച്ച് ചാനൽ 12 ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വടക്കൻ അതിർത്തി നഗരമായ കിര്യത് ഷമോണയിലാണ് ഏറ്റവും കൂടുതൽ തവണ സൈറണുകൾ മുഴങ്ങിയത്. ഏകദേശം 154 തവണയാണ് ഇവിടെ ജനങ്ങൾക്ക് ഒളിത്താവളങ്ങളിലേക്ക് മാറേണ്ടി വന്നത്.
ഹിസ്ബുള്ളയും ഇറാനും തൊടുക്കുന്ന മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുൻപാണ് ഈ അപായ സൈറണുകൾ മുഴങ്ങുന്നത്. അതിർത്തി പ്രദേശങ്ങളിൽ വെറും 10 മുതൽ 15 സെക്കൻഡ് വരെ മാത്രമാണ് ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ലഭിക്കുന്ന സമയം.
തുടർച്ചയായി മുഴങ്ങുന്ന സൈറണുകൾ ഇസ്രായേൽ ജനതയുടെ ദൈനംദിന ജീവിതത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കുളിക്കുന്നതിനിടയിലോ യാത്രയ്ക്കിടയിലോ ജോലി ചെയ്യുന്നതിനിടയിലോ എപ്പോൾ വേണമെങ്കിലും മുഴങ്ങുന്ന സൈറണുകൾ ജനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ശാരീരികമായ അവശത അനുഭവിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും നിശ്ചിത സമയത്തിനുള്ളിൽ ബോംബ് ഷെൽട്ടറുകളിൽ എത്താൻ കഴിയാത്തത് വലിയ വെല്ലുവിളിയാണ്.
സൈറൺ മുഴങ്ങുന്ന നിമിഷം തന്നെ ജനങ്ങളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സൈറൺ മുഴങ്ങാത്തപ്പോൾ പോലും അത് കാതുകളിൽ മുഴങ്ങുന്നതായി തോന്നുന്ന ‘ഫാന്റം സൈറൺ’ എന്ന പ്രതിഭാസം 60 ശതമാനം ആളുകളിലും കണ്ടുവരുന്നുണ്ട്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഉറക്കമില്ലായ്മയും കടുത്ത ഉത്കണ്ഠയും പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൃത്യമായ മാനസിക പിന്തുണ ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.