സൗദിയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം: റഷ്യൻ ഉപഗ്രഹ ചിത്രങ്ങൾ ചാരപ്പണി നടത്തിയെന്ന് സെലൻസ്‌കി
കീവ്: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നിൽ റഷ്യൻ സഹായമുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിന് മുന്നോടിയായി റഷ്യ ഇറാന് കൃത്യമായ ഉപഗ്രഹ ചിത്രങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറിയെന്നാണ് സെലൻസ്‌കിയുടെ വെളിപ്പെടുത്തൽ.
മാർച്ച് 26-ന് നടന്ന ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തെ ആവർത്തിച്ച് നിരീക്ഷിച്ചതായി യുക്രേനിയൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർച്ച് 20, 23, 25 തീയതികളിൽ റഷ്യ ഈ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഒരു പ്രദേശം ആവർത്തിച്ച് ചിത്രീകരിക്കുന്നത് ആക്രമണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് തന്റെ രാജ്യത്തിന്റെ അനുഭവത്തിൽ നിന്ന് വ്യക്തമാണെന്ന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലൻസ്‌കി പറഞ്ഞു.
സൗദിക്ക് പുറമെ കുവൈത്ത്, ഖത്തർ, തുർക്കി എന്നിവിടങ്ങളിലെ യുഎസ്-യുകെ സൈനിക കേന്ദ്രങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും ചിത്രങ്ങൾ മാർച്ച് 24 നും 26 നും ഇടയിൽ റഷ്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, തുർക്കിയിലെ ഇൻസിർലിക് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മിഡിൽ ഈസ്റ്റിൽ സംഘർഷം വർധിപ്പിക്കുന്നതിലൂടെ എണ്ണവില ഉയർത്താനും പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ യുക്രെയ്നിൽ നിന്ന് തിരിച്ചുവിടാനും റഷ്യ ശ്രമിക്കുന്നതായി സെലൻസ്‌കി കുറ്റപ്പെടുത്തി. യുഎസ് സേനയെ ലക്ഷ്യമിടാൻ റഷ്യ ഇറാന് 100 ശതമാനം പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഈ ആരോപണങ്ങൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നിഷേധിച്ചു. ഇറാനുമായി സൈനിക സഹകരണം ഉണ്ടെങ്കിലും രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്.