മണ്ണെണ്ണ ഇനി പെട്രോൾ പമ്പിലും; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി നൽകി. നിലവിലുള്ള പെട്രോളിയം സുരക്ഷാ-ലൈസൻസിംഗ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് മാർച്ച് 29-നാണ് കേന്ദ്രം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നേരത്തെ മണ്ണെണ്ണ വിതരണം ഘട്ടംഘട്ടമായി നിർത്തലാക്കിയ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഉത്തരവ് പ്രകാരം വിതരണം പുനഃരാരംഭിക്കും. ഓരോ ജില്ലയിലും സംസ്ഥാന സർക്കാരുകൾ തിരഞ്ഞെടുക്കുന്ന രണ്ട് പെട്രോൾ പമ്പുകൾ വഴി വീടുകളിലേക്കുള്ള പാചക ആവശ്യങ്ങൾക്കും മറ്റുമായി മണ്ണെണ്ണ ലഭ്യമാക്കും. ഒരു ഔട്ട്‌ലെറ്റിൽ 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാനാണ് അനുമതിയുള്ളത്.
ലൈസൻസിംഗ് നടപടികളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി വിതരണം വേഗത്തിലാക്കുകയാണ് ലക്ഷ്യം. 60 ദിവസത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് വരുന്നത് വരെയോ ആണ് ഈ ഇളവുകൾക്ക് പ്രാബല്യമുള്ളത്. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല മന്ത്രിതല സമിതി (IGoM) സാഹചര്യം വിലയിരുത്തി. നിർമ്മല സീതാരാമൻ, ഹർദീപ് സിങ് പുരി തുടങ്ങിയ മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ഊർജ്ജ സുരക്ഷയും വിതരണ ശൃംഖലയിലെ വെല്ലുവിളികളും ചർച്ച ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് യോഗം വിലയിരുത്തി.