02/06/2026
[fontresizer_tawhidurrahmandear_widget]

ആണവായുധം നിർമിക്കാൻ ഇറാൻ? എൻപിടി കരാറിൽനിന്ന് പിന്മാറുമെന്ന സൂചന നൽകി നാഷനൽ സെക്യൂരിറ്റി കമ്മീഷൻ

 ആണവായുധം നിർമിക്കാൻ ഇറാൻ? എൻപിടി കരാറിൽനിന്ന് പിന്മാറുമെന്ന സൂചന നൽകി നാഷനൽ സെക്യൂരിറ്റി കമ്മീഷൻ

ഇബ്രാഹിം റിദായ്

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആണവായുധ നിർവ്യാപന കരാറിൽ(എൻപിടി) നിന്ന് പിന്മാറാൻ ഇറാൻ ഒരുങ്ങുന്നു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. എൻപിടിയിൽ തുടരുന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ-വിദേശനയ സമിതി വക്താവ് ഇബ്രാഹിം റിദായി വ്യക്തമാക്കി.

ഇറാനിലെ ആണവ കേന്ദ്രങ്ങളെയും സ്റ്റീൽ പ്ലാന്റുകളെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണു നിർണായക നീക്കം. എക്‌സി പോസ്റ്റിലൂടെയാണ് റിദായി നിലപാട് വ്യക്തമാക്കിയത്. ആണവായുധങ്ങൾ കൈവശമുള്ള വൻശക്തികളുടെ ആക്രമണങ്ങളിൽനിന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഈ കരാറിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘എൻപിടി അംഗത്വം കൊണ്ട് ഇറാന് യാതൊരു ഗുണവും ലഭിച്ചിട്ടില്ല. കരാറിലെ നിബന്ധനകൾ അന്താരാഷ്ട്ര തലത്തിൽ പൂർണമായും ലംഘിക്കപ്പെടുകയാണ്,’ ഇബ്രാഹിം റിദായി ചൂണ്ടിക്കാട്ടി.

അമേരിക്ക ഇതിനകം അറുപതോളം അന്താരാഷ്ട്ര സംഘടനകളിൽനിന്നും കരാറുകളിൽനിന്നും ഏകപക്ഷീയമായി പിന്മാറിയിട്ടുണ്ട്. ഇപ്പോൾ ഇറാൻ എൻപിടിയിൽനിന്ന് മാറാൻ ആഗ്രഹിക്കുമ്പോൾ മാത്രം പാശ്ചാത്യ രാജ്യങ്ങൾ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നും റിദായി വിമർശിച്ചു.

ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുടെ സമീപകാല പ്രസ്താവനകൾ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ ആണവശേഷി ഇല്ലാതാക്കാൻ കഴിയില്ലെന്ന ഗ്രോസിയുടെ വാക്കുകൾ, അണുബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തിന് പരോക്ഷമായ അനുമതി നൽകുന്നതാണെന്ന് റിദായി ആരോപിച്ചു. ആണവായുധം നിർമിക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും, നിലവിലെ സാഹചര്യം രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നുവെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഫെബ്രുവരി മുതൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ യുഎസ്-ഇസ്രയേൽ സഖ്യം കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. അൽ-ജസീറ റിപ്പോർട്ട് പ്രകാരം, ഇറാന്റെ പ്രധാന ആണവ-വ്യാവസായിക കേന്ദ്രങ്ങൾക്കും സ്റ്റീൽ പ്ലാന്റുകൾക്കും നേരെയും ആക്രമണമുണ്ടായി. ഇതോടെയാണ് അന്താരാഷ്ട്ര കരാറുകൾക്ക് ഇനി പ്രസക്തിയില്ലെന്ന നിലപാട് ഇറാന്റെ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായത്. ഇറാൻ പാർലമെന്റിൽ ഉൾപ്പെടെ കരാറിൽനിന്നു പിന്മാറാനുള്ള മുറവിളി ശക്തമായിട്ടുണ്ട്. തീവ്ര നിലപാടുള്ള നേതാക്കളിൽനിന്നാണ് ആദ്യമായി ഇത്തരമൊരു ആവശ്യമുയർന്നത്. ഇപ്പോഴത് മറ്റു നേതാക്കളും ഏറ്റുപിടിക്കുന്ന രംഗമാണു കാണുന്നത്.

ഇറാൻ എൻപിടി കരാറിൽനിന്ന് ഔദ്യോഗികമായി പിന്മാറിയാൽ അത് വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകും. ആണവായുധങ്ങൾ നിർമിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് മേലുള്ള ഏക നിയമപരമായ നിയന്ത്രണമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഇ ആണവായുധം നിർമിക്കുന്നത് വിലക്കി ഫത്‌വ ഇറക്കിയിട്ടുണ്ട്. രാഷ്ട്രീയ നിലപാടിനപ്പുറം പരമോന്നത നേതാവിന്റെ ശാസന കാരണമാണ് തങ്ങൾ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് ഇറാൻ നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഖാംനഇയുടെ മരണത്തോടെ ഇറാൻ നേതൃത്വം ആ നിലപാട് തിരുത്തുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്.

Also read: