30/03/2026
[fontresizer_tawhidurrahmandear_widget]

‘ജർമനിയിൽനിന്ന് അമേരിക്കയുടെ 40,000 സൈനികരെയും പുറത്താക്കണം’; ഇറാൻ യുദ്ധത്തിന് താവളമാക്കാൻ അനുവദിക്കരുതെന്ന് എഎഫ്ഡി

 ‘ജർമനിയിൽനിന്ന് അമേരിക്കയുടെ 40,000 സൈനികരെയും പുറത്താക്കണം’; ഇറാൻ യുദ്ധത്തിന് താവളമാക്കാൻ അനുവദിക്കരുതെന്ന് എഎഫ്ഡി

ബെർലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയത്തിനും പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾക്കും എതിരെ ജർമനിയിൽ പ്രതിഷേധം ശക്തമാകുന്നു. ജർമനിയിൽ നിലയുറപ്പിച്ചിരിക്കുന്ന 40,000-ത്തോളം വരുന്ന അമേരിക്കൻ സൈനികരെയും ആണവായുധങ്ങളെയും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി രംഗത്തെത്തി. ഇറാനെതിരായ സൈനിക നടപടിക്ക് ജർമനിയുടെ മണ്ണ് താവളമാക്കാൻ അനുവദിക്കരുതെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. സ്വതന്ത്രമായ വിദേശനയം പിന്തുടരാൻ ജർമനിയിൽനിന്ന് വിദേശ സൈന്യങ്ങളെല്ലാം മാറണമെന്നും എഎഫ്ഡി അധ്യക്ഷൻ ടിനോ ക്രൂപല്ല ആവശ്യപ്പെട്ടു.

സാക്‌സണിയിൽ നടന്ന പാർട്ടി യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇറാൻ യുദ്ധത്തിൽ തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്‌പെയിനിന്റെ നടപടിയെ ടിനോ ക്രൂപല്ല പ്രശംസിച്ചു. ‘സ്‌പെയിൻ ചെയ്തതാണ് ശരി. അവർ ഈ യുദ്ധത്തിൽ ഇടപെടുന്നില്ല. ജർമനിയും ഇതേ മാതൃക പിന്തുടരണം,’ അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അമേരിക്കയെ സഹായിക്കുന്നത് ജർമനിയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ടിനോ ക്രൂപല്ല വ്യക്തമാക്കി. ‘അമേരിക്കയുടെ യുദ്ധങ്ങൾക്ക് ജർമനി ഇന്ധനം നൽകേണ്ടതില്ല. ജർമൻ മണ്ണിലുള്ള റാംസ്‌റ്റൈൻ ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങൾ വഴി ഇറാനെതിരെയുള്ള നീക്കങ്ങൾ നടത്തുന്നത് രാജ്യത്തെ അപകടത്തിലാക്കും,’ അദ്ദേഹം പറഞ്ഞു.

ജർമനിയിലെ റാംസ്‌റ്റൈൻ എയർബേസ് നിലവിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾക്കുള്ള താവളമായി അമേരിക്ക ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ സൈനിക താവളങ്ങൾ ഉള്ളതിനാൽ ഇറാന്റെ മിസൈൽ ലക്ഷ്യമായി ജർമനി മാറാൻ സാധ്യതയുണ്ടെന്നും, സ്വന്തം പരമാധികാരം സംരക്ഷിക്കാൻ വിദേശ സൈന്യത്തെ പുറത്താക്കണമെന്നുമാണ് എഎഫ്ഡിയുടെ നിലപാട്.

ഇറാനെതിരായ സൈനിക നടപടിക്ക് താവളം അനുവദിക്കുമ്പോഴും ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് ട്രംപ് ഭരണകൂടവുമായി കടുത്ത വിയോജിപ്പിലാണ്. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് പകരം ട്രംപ് അത് വർധിപ്പിക്കുകയാണെന്ന് മെർസ് കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. പ്രതിരോധ ചെലവുകൾക്കായി ജിഡിപിയുടെ അഞ്ചു ശതമാനം മാറ്റിവെക്കണമെന്ന ട്രംപിന്റെ കർശനമായ ആവശ്യം അംഗീകരിക്കാത്ത രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ അമേരിക്കയും ബർലിനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ജർമനിയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യം ട്രംപും സജീവമായി പരിഗണിക്കുന്നുണ്ട്.

അമേരിക്ക പറയുന്നതെല്ലാം കേൾക്കുന്ന രാജ്യമായി ജർമനി മാറരുതെന്നും സ്വന്തം സുരക്ഷയ്ക്കും സമാധാനത്തിനും മുൻഗണന നൽകണമെന്നുമാണ് എഎഫ്ഡിയുടെ വാദം. എന്നാൽ, അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത് യൂറോപ്പിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ ബാധിക്കുമെന്ന് ഭരണപക്ഷവും വാദിക്കുന്നു.

Also read: