02/04/2026
[fontresizer_tawhidurrahmandear_widget]

‘എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്’- എ.കെ ബാലൻ

 ‘എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്’- എ.കെ ബാലൻ

പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകരിൽ മാറ്റമുണ്ടാക്കി അവരെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരെല്ലാം രാഷ്ട്രവിരുദ്ധരോ ഭരണഘടനയ്ക്ക് എതിരായവരോ ആണെന്ന ചാപ്പകുത്തൽ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ ആശയങ്ങൾ തലയ്ക്കുപിടിച്ചവരെ തിരുത്തി മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്ന് എ.കെ ബാലൻ പറഞ്ഞു. അതിനുള്ള വേദിയായി തെരഞ്ഞെടുപ്പിനെ കാണണം. എന്നാൽ എസ്‌ഡിപിഐ എന്ന സംഘടനയുമായോ അതിന്റെ നേതാക്കളുമായോ യാതൊരു വിധത്തിലുള്ള ചർച്ചയോ ധാരണയോ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമന്യു വധക്കേസ് ഇപ്പോൾ ചർച്ചയാക്കുന്നത് സിപിഎമ്മിന് എസ്‌ഡിപിഐയുമായി മുന്നണിയുണ്ടെന്ന് വരുത്തിത്തീർക്കാനാണെന്ന് ബാലൻ കുറ്റപ്പെടുത്തി. മുന്നണി ഉണ്ടെങ്കിൽ അത് അന്തസ്സായി തുറന്നു പറയും. അത്തരം ഉടമ്പടികൾ ഇല്ലാത്തതിനാൽത്തന്നെ അനാവശ്യ ആരോപണങ്ങളെ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയകാലത്തെ കുഞ്ഞാലി വധക്കേസ് ഓർമിപ്പിച്ച അദ്ദേഹം, രാഷ്ട്രീയമായ തിരുത്തലുകൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും വ്യക്തമാക്കി.

Also read: