‘ശബരിമലയിൽ യുവതി പ്രവേശനം പാടില്ല’; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദമുഖങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ ആരാധനാസ്വഭാവത്തെ തന്നെ മാറ്റുമെന്നും ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ അതേപടി ഇന്ത്യയിൽ പകർത്തുന്നത് ശരിയായ പ്രവണതയല്ലെന്നും മുൻ വിധിക്ക് എതിരെ കേന്ദ്രം വിമർശനം ഉന്നയിച്ചു. ദശലക്ഷക്കണക്കിന് ഭക്തർ പാലിച്ചുപോരുന്ന ഈ വിശ്വാസം ഒന്നോ രണ്ടോ പേർക്ക് വേണ്ടി മാറ്റാൻ പാടുള്ളതല്ലെന്നും കേന്ദ്രം വാദിച്ചു.
കൂടാതെ, കേസ് നൽകിയ സംഘടനയുടെ പശ്ചാത്തലത്തെയും കേന്ദ്രം ചോദ്യം ചെയ്തു. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ഈ സംഘടനയ്ക്ക് ശബരിമലയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒൻപതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഈ നിർണായക നിലപാട് സ്വീകരിച്ചത്.