‘Get Lost’: തൃണമൂൽ നേതാക്കളെ ഇറക്കിവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും(ടി.എം.സി) തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തങ്ങളോട് മോശമായി പെരുമാറിയെന്നും മുന്നിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ആക്രോശിച്ചതായും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. വെറും ഏഴു മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അവസരം ലഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നു രാവിലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി തൃണമൂൽ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ ക്രമസമാധാന നിലയുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായും ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനാണ് ഡെറക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ടി.എം.സി പ്രതിനിധി സംഘം കമ്മീഷനെ കാണാനെത്തിയത്. എന്നാൽ, വെറും മിനിറ്റുകൾക്കകം ചർച്ച അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ സംഘത്തോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായാണ് ആരോപണം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഡെറിക് ഒബ്രിയാൻ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. വെറും ഏഴ് മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.
‘ഞങ്ങൾ ഞങ്ങളുടെ പരാതികൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ, സഭ്യത പാലിക്കണമെന്ന് സി.ഇ.സി ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ‘ഗെറ്റ് ലോസ്റ്റ്’ എന്ന് ആക്രോശിക്കുകയും ഞങ്ങളെ പുറത്താക്കുകയും ചെയ്തു,’ ഡെറിക് ഒബ്രിയാൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഭരണഘടനാ സ്ഥാപനത്തിൽനിന്ന് ഇത്തരമൊരു അനുഭവം ആർക്കും ഉണ്ടായിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, തൃണമൂൽ പ്രതിനിധികൾ കമ്മീഷൻ ഓഫീസിൽ ബഹളം വെച്ചതായും മാന്യതയില്ലാതെ പെരുമാറിയതായും കമ്മീഷൻ വൃത്തങ്ങൾ ആരോപിക്കുന്നു. ചർച്ചയ്ക്കിടെ ടി.എം.സി നേതാക്കൾ ശബ്ദമുയർത്തുകയും തർക്കിക്കുകയും ചെയ്തതോടെയാണ് ‘മര്യാദ പാലിക്കുക, അല്ലെങ്കിൽ പുറത്തുപോകുക’ എന്ന് കമ്മീഷൻ നിർദേശിച്ചതെന്നാണു വിശദീകരണം.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് ടി.എം.സി നേരത്തെയും ആരോപിച്ചിരുന്നു. എസ്‌ഐആറിനു ശേഷമുള്ള അന്തിമ വോട്ടർ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 90 ലക്ഷത്തോളം വോട്ടർമാരാണു പട്ടികയിൽനിന്നു പുറത്തായത്. ഇതിൽ 95 ശതമാനം പേരും മുസ്ലിംകളാണ്. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളിലാണു കൂടുതൽ വോട്ടർമാരെ നീക്കം ചെയ്തതെന്നും പരാതി ഉയർന്നിട്ടുണ്ട്.