20/04/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം നിഷേധിച്ച് അധികൃതർ

 കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം നിഷേധിച്ച് അധികൃതർ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യമില്ലാതെയും കൃത്യമായ നോട്ടീസ് നൽകാതെയുമാണ് മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. എന്നാൽ 11 മണിയോടെ തന്റെ പ്രതിനിധി എത്തിയപ്പോഴേക്കും മുറി തുറന്നിരുന്നതായും അവർ വ്യക്തമാക്കി. സ്ട്രോങ് റൂം പരിസരത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നും പ്രദേശം പൂർണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു.

എന്നാൽ ഈ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറും റിട്ടേണിങ് ഓഫീസറും തള്ളി. വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച സ്ട്രോങ് റൂമല്ല തുറന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച, സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്. സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി.

Also read: