80 ലക്ഷത്തിന്റെ ആശുപത്രി ബിൽ അടക്കാനായില്ല; സാദിഖലി തങ്ങളുടെ ഇടപെടലിൽ ഷാർജയിൽ കുടുങ്ങിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍
കാസർകോട്: ചികിത്സാ ബില്ലായി നൽകേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽ ഉഴറി, പ്രിയപ്പെട്ടവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വിഷമിച്ച മലയാളി കുടുംബത്തിന് ആശ്വാസമായി സാദിഖലി ശിഹാബ് തങ്ങൾ. തങ്ങളുടെ ഇടപെടലിനെ തുടർന്ന് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാലിൻരെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഈ വിവരം പരസ്യമാക്കിയത്.
കഴിഞ്ഞ മാർച്ച് 17-നാണ് ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് വേണുഗോപാലിനെ ഷാർജയിലെ ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. നീണ്ട ചികിത്സക്കൊടുവിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഏകദേശം 75 ലക്ഷം രൂപ (3 ലക്ഷം ദിർഹം) ആയിരുന്നു ആശുപത്രി ബിൽ. തുക കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ അത് 2.17 ലക്ഷം ദിർഹമാക്കി കുറച്ചെങ്കിലും, ആ തുക കണ്ടെത്താനും ആ കുടുംബത്തിന് കഴിയുമായിരുന്നില്ല.
ഈ ഘട്ടത്തിലാണ് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സീമയുടെയും ബന്ധുക്കളുടെയും അഭ്യർത്ഥന പ്രകാരം മുസ്ലിം ലീഗ് നേതാക്കൾ ഇടപെടുന്നത്. സന്ദീപ് വാര്യരുടെ നിർദേശപ്രകാരം കെ.എം.സി.സി നേതാക്കളെയും തുടർന്ന് സാദിഖലി ശിഹാബ് തങ്ങളെയും കുടുംബം നേരിൽ കണ്ട് സങ്കടമറിയിച്ചു.
വിവരമറിഞ്ഞ ഉടൻ തന്നെ സാദിഖലി തങ്ങൾ ആശുപത്രി ഉടമ ഡോ. ഷംസീർ വയലിലുമായും രാജ്യസഭാംഗം ഹാരിസ് ബീരാനുമായും ബന്ധപ്പെട്ടു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഷംസീർ വയലിൽ, അടയ്‌ക്കേണ്ടിയിരുന്ന 2,17,000 ദിർഹം എന്ന തുക വെറും 40,000 ദിർഹമാക്കി (ഏകദേശം 10 ലക്ഷത്തോളം രൂപ) ചുരുക്കി നൽകി. ഏകദേശം അരക്കോടിയോളം രൂപയാണ് ഒറ്റയടിക്ക് ഇളവ് ചെയ്തത്.
ബാക്കി തുക കണ്ടെത്താനായി ഇന്ത്യൻ അസോസിയേഷൻ ഷാർജ, തണൽ, വെൽഫയർ അസോസിയേഷൻ തുടങ്ങി 13-ഓളം സംഘടനകൾ മുന്നിട്ടിറങ്ങി. നാരായണൻ നായർ, ചന്ദ്രൻ, മുരളീധരൻ തുടങ്ങിയവർ നിയമപരമായ സഹായങ്ങൾ നൽകി. കെ.എം.സി.സിയുടെ കൂടി നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി.
മനുഷ്യത്വം കാണാൻ കഴിയുന്നത് ഇവിടെയാണെന്ന് സീമ ചൂണ്ടിക്കാട്ടി. ചിലർ സ്വാർത്ഥതയ്ക്ക് വേണ്ടി കെട്ടിയുയർത്തുന്ന ജാതി-മത രാഷ്ട്രീയത്തിന്റെ മതിലുകൾ ഭേദിക്കാൻ ഇത്തരം ഇടപെടലുകൾക്ക് സാധിക്കുമെന്നും അവർ പറഞ്ഞു.