തൊണ്ടിമുതലായി കണ്ടെത്തിയ കൈക്കൂലിപ്പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്.
ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
വിചാരണക്കോടതി ഇവരെ വെറുതെ വിട്ടെങ്കിലും ഹൈക്കോടതി 4 വര്‍ഷം കഠിന തടവു വിധിച്ചു. പണം ശരിയായി സൂക്ഷിച്ചില്ലെന്നതിനാല്‍ പ്രോസിക്യൂഷന്‍ കേസ് തെറ്റാണെന്നു പറയാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷിച്ചത്. എന്നാല്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി ഹൈക്കോടതിയുടെ കണ്ടെത്തലും സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടിയും സ്റ്റേ ചെയ്യുകയായിരുന്നു.