28/04/2026
[fontresizer_tawhidurrahmandear_widget]

‘ലീഗിന്റെ മാനവികതയ്ക്കും പ്രൊഫഷണലിസത്തിനും നൂറു മാർക്ക്’; വയനാട്ടിലെ ഭവനപദ്ധതിയെ പ്രശംസിച്ച് ടൂറിസം മുൻ ഡെപ്യൂട്ടി ഡയറക്ടർ

 ‘ലീഗിന്റെ മാനവികതയ്ക്കും പ്രൊഫഷണലിസത്തിനും നൂറു മാർക്ക്’; വയനാട്ടിലെ ഭവനപദ്ധതിയെ പ്രശംസിച്ച് ടൂറിസം മുൻ ഡെപ്യൂട്ടി ഡയറക്ടർ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകിയ ഭവനങ്ങളുടെ ഗൃഹപ്രവേശ വേളയിൽ, ലീഗിന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. മുസ്ലിം ലീഗിന്റെ മാനവികതയ്ക്കും പ്രൊഫഷണലിസത്തിനും നൂറ് മാർക്ക് നൽകുന്നുവെന്നും സർക്കാരിന് കഴിയാത്തത് അവർക്ക് സാധിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാർ സംവിധാനങ്ങൾക്കും മുൻപേ ദുരിതബാധിതർക്കായി 51 ഗുണമേന്മയുള്ള വീടുകൾ പൂർത്തിയാക്കി നൽകിയത് അഭിമാനകരമായ നേട്ടമാണെന്ന് പ്രശാന്ത് വാസുദേവ് ചൂണ്ടിക്കാട്ടി. വെറുമൊരു വീട് എന്നതിനപ്പുറം എല്ലാ ഫർണിച്ചറുകളും ഒരു മാസത്തേക്കുള്ള ഭക്ഷണക്കിറ്റും ഉൾപ്പെടെയാണ് ഓരോ കുടുംബത്തിനും കൈമാറിയത്. ജാതിയും മതവും നോക്കാതെയാണ് അർഹരായവരെ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യത്തിൽ അനാവശ്യമായ ഓളങ്ങളുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ മുസ്ലിം ലീഗ് ശ്രമിച്ചില്ലെന്നത് അവരുടെ മേന്മയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ഭവന നിർമാണ പദ്ധതികൾ വൈകിയതിനെക്കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണവും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നു. സർക്കാരിന്റെ പദ്ധതിയിൽ വിശ്വസിച്ചതും അത് വൈകുമെന്ന് കണ്ടപ്പോൾ വൈകി മാത്രം സ്വന്തം നിലയ്ക്ക് ശ്രമങ്ങൾ തുടങ്ങിയതുമാണ് കോൺഗ്രസ് പദ്ധതികൾക്ക് തടസ്സമായത്. കർണാടക സർക്കാർ ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ റിലീഫ് ഫണ്ടിലേക്കാണ് പണം നൽകിയത്. എന്നാൽ മുസ്ലിം ലീഗ് കാട്ടിയ മാനവികതയും പ്രതിബദ്ധതയും പ്രൊഫഷണലിസവും എടുത്തുപറയേണ്ടതാണെന്ന് പ്രശാന്ത് വാസുദേവ് നിരീക്ഷിച്ചു.

മുൻപ് മുസ്ലിം ലീഗിനെ ഒരു വർഗീയ പാർട്ടിയായി താൻ കരുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിൽ അപകടകരമായ വർഗീയ ധ്രുവീകരണം നടക്കാത്തത് ലീഗ് ശക്തമായ സാന്നിധ്യമായത് കൊണ്ടാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളരാത്തത് ലീഗിന്റെ സാന്നിധ്യം കൊണ്ടാണെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയെന്ന് വിശ്വസിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. പരസ്പരമുള്ള വിശ്വാസങ്ങളിൽ ഇടപെടാതെ സ്‌നേഹിച്ചാൽ ജാതിമത ഭേദമന്യേ ഏവരെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നവരാണ് കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ എന്നതിന് തെളിവാണ് വയനാട്ടിലെ ഈ ‘ഹൃദയഗേഹങ്ങൾ’ എന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് വാസുദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നു പാലു കാച്ച്. സർക്കാരിന് കഴിയാത്തത് തങ്ങൾക്ക് കഴിഞ്ഞപ്പോൾ മുസ്ലിം ലീഗിന് തീർച്ചയായും അഭിമാനിക്കാം. 51 വീട് എന്നത് നിസ്സാരമല്ല. അതും വെറുതേ കെട്ടിക്കൊടുത്ത് കയ്യൊഴിഞ്ഞതല്ല. എല്ലാ ഫർണിച്ചറുകളും ഒരു മാസത്തേക്കുള്ള ഭക്ഷണക്കിറ്റും ഉൾപ്പെടെ ഗുണമേന്മയുള്ള വീടുകളാണ് നൽകിയിരിക്കുന്നത്. അത് ജാതിയും മതവും നോക്കിയല്ല. തെരഞ്ഞെടുപ്പിനുമുൻപ് ഇതേപ്പറ്റി ഒരു വലിയ ഓളം ഇളക്കി ബഹളം സൃഷ്ടിച്ചില്ല എന്നത് ലീഗിന്റെ മേന്മയാണ്.

സർക്കാരിന്റെ പദ്ധതിയിൽ തങ്ങൾ വിശ്വസിച്ചതും, അത് വൈകും എന്ന് മനസ്സിലാക്കിയപ്പോൾ, വൈകി മാത്രം ശ്രമങ്ങളാരംഭിച്ചതുമാണ് കോൺഗ്രസിന്റെ ഭവന നിർമാണ പദ്ധതി വൈകാൻ കാരണമെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് ഏഷ്യാനെറ്റ് അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല കോൺഗ്രസിന്റെ എംഎൽഎമാർ ഉൾപ്പെടെ, കർണാടക സർക്കാർ ഉൾപ്പെടെ സർക്കാരിന്റെ പദ്ധതിയിലേക്ക് പണം കൊടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതെന്തായാലും മുസ്ലിം ലീഗിന്റെ പ്രൊഫഷണലിസത്തിനും മാനവികതയ്ക്കും പ്രതിബദ്ധതയ്ക്കും നൂറു മാർക്ക്.

ബാക്കിയുള്ള 54 വീടുകളും ഉടൻ പൂർത്തിയാവുകയാണ്. 105 വീടുകൾ മുസ്ലിം ലീഗ് പോലെ ഒരു സംഘടന ഒരുക്കിക്കൊടുക്കുന്നതിനെ ആരും നിസ്സാരവൽക്കരിച്ചു കാണരുത്. മുസ്ലിം ലീഗ് എന്ന പാർട്ടിയെ അതിലെ മുസ്ലിം എന്ന പദം ഉള്ളതുകൊണ്ട് ഒരു കടുത്ത വർഗീയ പാർട്ടിയായാണ് ഞാൻ ഒരിക്കൽ കണ്ടിരുന്നത്. പക്ഷേ, മുസ്ലിം ലീഗ് ശക്തമായതുകൊണ്ടാണ് കേരളത്തിൽ അപകടകരമായ വർഗീയ ധ്രുവീകരണം നടക്കാത്തത് എന്നാണ് എനിക്ക് പിന്നീട് മനസ്സിലായത്.
ഏഷ്യാനെറ്റ് ഇന്റർവ്യൂവിൽ കുഞ്ഞാലിക്കുട്ടി അതും പറയുന്നുണ്ട്. കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളരാത്തത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അത് ശരിയെന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. അവരുടെ മതപരമായ വിശ്വാസങ്ങളിൽ നമുക്ക് യോജിക്കാൻ കഴിയാത്ത പലതും ഉണ്ടാകും.
അവർക്ക് തിരിച്ചും. അതുകൊണ്ടുതന്നെ മതപരമായ വിഷയങ്ങളിൽ പരസ്പരം നമ്മൾ ഇടപെടാതിരിക്കുന്നതാണ് നല്ലത്.

പരസ്പരം മതവിശ്വാസങ്ങൾ നമ്മൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കാതിരിക്കുകയും ഇതര മതവിരോധം ഉപേക്ഷിക്കുകയും വേണം. മതവിശ്വാസങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരേണ്ടത് കാലാകാലങ്ങളിൽ അതത് മതങ്ങളാണ്. ഇന്ത്യയിൽ ഒരു മതത്തിനും കാര്യമായി അതിന് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇന്നലെയും അത് എഴുതിയിരുന്നു. അല്ലെങ്കിൽ ദോഷകരമല്ലാത്ത മതവിശ്വാസങ്ങളെ ഹനിക്കാത്ത രീതിയിൽ രാജ്യം പൊതുവായ നിയമങ്ങൾ കൊണ്ടുവരണം. അതിലും ചർച്ചകൾ നടന്ന് സമവായത്തിൽ എത്തണം.

എനിക്ക് അനുഭവങ്ങളിൽനിന്ന് മനസിലായിട്ടുള്ള ഒരു കാര്യം, അവരുടെ മതവിശ്വാസങ്ങളിൽ ഇടപെടാതെ നമ്മൾ അവരെ സ്നേഹിച്ചാൽ, നമ്മളെ ജാതി മതം നോക്കാതെ ഹൃദയത്തോട് ചേർത്തുനിർത്തുന്നവരാണ് കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ എന്നതാണ്. അതിന് തെളിവാണ് വയനാട്ടിൽ ലീഗ് ഒരുക്കിയ ‘ഹൃദയഗേഹങ്ങൾ’! ഈയടുത്ത കാലത്ത് ലീഗ് ഭരിക്കുന്ന ഊരകം പഞ്ചായത്തിൽ അവർ ക്ഷണിച്ച് ചെന്നപ്പോൾ കണ്ടതാണ് അവർ തരുന്ന സ്‌നേഹം, പരിഗണനയൊക്കെ.
മുസ്ലീം ലീഗിന് ഹൃദയത്തിൽനിന്ന് ഒരു കുടന്ന പനിനീർപ്പൂക്കൾ, സ്നേഹം. നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.

Also read: