വ്ലോഗർമാർ ഹിറ്റാക്കി; ആര്യങ്കോട് തൊട്ടിപ്പാലം കനാലിലേക്ക് ഒഴുകി യുവാക്കള്‍, തിരക്കോട് തിരക്ക്!
വെള്ളറട: കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം തേടി നെയ്യാർ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ ആര്യങ്കോട് തൊട്ടിപ്പാലത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. പതിറ്റാണ്ടുകളായി പ്രദേശവാസികൾക്ക് മാത്രം പരിചിതമായിരുന്ന ഈ സ്ഥലം സോഷ്യൽ മീഡിയാ വ്ലോഗർമാർ ഏറ്റെടുത്തതോടെയാണ് ദൂരദേശങ്ങളിൽ നിന്നടക്കം ആളുകൾ എത്തിത്തുടങ്ങിയത്. കനാലിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്താൻ കൂറ്റൻ തൂണുകളിൽ നിർമ്മിച്ചിട്ടുള്ള ഈ ഭാഗം കുളിക്കാനായി എത്തുന്നവരെ ഏറെ ആകർഷിക്കുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങളും സാമൂഹികവിരുദ്ധ ശല്യവും ഇവിടെ വർധിച്ചിരിക്കുകയാണ്.
കനാലിലെ ഒഴുക്കിനൊപ്പം നീന്തി താഴെ വരെ എത്തിയ ശേഷം നടപ്പാതയിലൂടെ തിരികെ വന്ന് വീണ്ടും വെള്ളത്തിലേക്ക് ചാടിക്കുളിക്കുന്നതാണ് ഇവിടത്തെ പ്രധാന വിനോദം. എന്നാൽ ഇത് അപകടങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്ക ശക്തമാണ്. തിരക്ക് വർധിച്ചതോടെ പ്രദേശത്ത് മദ്യപ സംഘങ്ങളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. ഇതേത്തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ ആര്യങ്കോട് പോലീസ് ഇടപെടുകയും രാത്രികാലങ്ങളിൽ ഇവിടേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. കുടുംബമായും അല്ലാതെയും എത്തുന്നവരുടെ എണ്ണം കൂടിയതോടെ കനാലിന്റെ ഇരുവശങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.