02/05/2026
[fontresizer_tawhidurrahmandear_widget]

‘കോടതിയിൽ ഹാജരാകാൻ സമ്മർദമെന്ന് നെതന്യാഹു എന്നോട് പരാതി പറഞ്ഞു; അദ്ദേഹത്തിന് മാപ്പുകൊടുക്കൂ’; ഇസ്രയേൽ പ്രസിഡന്റിനോട് ട്രംപ്

 ‘കോടതിയിൽ ഹാജരാകാൻ സമ്മർദമെന്ന് നെതന്യാഹു എന്നോട് പരാതി പറഞ്ഞു; അദ്ദേഹത്തിന് മാപ്പുകൊടുക്കൂ’; ഇസ്രയേൽ പ്രസിഡന്റിനോട് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രസിഡന്റിനോട് മാപ്പപേക്ഷയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിലെ ‘ചാനൽ 12’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആവശ്യം ആവർത്തിച്ചത്. കേസിൽ കോടതിയിൽ ഹാജരാകാൻ സമ്മർദമുണ്ടെന്ന് നെതന്യാഹു തന്നെ വിളിച്ചു പരാതി പറഞ്ഞു. നെതന്യാഹുവിന് മാപ്പ് നൽകിയാൽ ഹെർസോഗ് ഇസ്രയേലിന്റെ ദേശീയ ഹീറോ ആയി മാറുമെന്നും ട്രംപ് പറഞ്ഞു.

താൻ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പരിഭവം പങ്കുവെച്ചതായി ട്രംപ് വെളിപ്പെടുത്തി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ സാഹചര്യത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം കോടതിയിൽ ഹാജരാകാൻ തനിക്ക് വലിയ സമ്മർദമുണ്ടെന്ന് നെതന്യാഹു പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. ‘യുദ്ധത്തിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ ഇതൊക്കെ എന്ത് കഷ്ടമാണ്? അദ്ദേഹത്തിന് ഈ കേസുകളിൽ നിന്ന് വിടുതൽ നൽകൂ,’ ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.

ഇസ്രയേൽ അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളികൾക്കിടയിൽ ഒരു യുദ്ധകാല പ്രധാനമന്ത്രിക്ക് മേൽ ഇത്തരം നിയമക്കുരുക്കുകൾ ഉണ്ടാകുന്നത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ട്രംപിന്റെ വാദം. ഇതിന് മുൻപ് ഹെർസോഗിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ട്രംപ്, പുതിയ അഭിമുഖത്തിൽ തന്റെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം നല്ല മനുഷ്യനാണെന്നും തന്റെ ആവശ്യം അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ഇറാൻ ഉൾപ്പെടെയുള്ള ശത്രുക്കളിൽനിന്ന് രാജ്യം ഭീഷണി നേരിടുമ്പോൾ നെതന്യാഹു പൂർണമായും യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അഴിമതിക്കേസുകൾ നിസ്സാരമാണെന്നും ഇത് പ്രധാനമന്ത്രിയുടെ പദവിയെ ബാധിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ട്രംപിന്റെ നിരന്തരമായ സമ്മർദത്തോട് ഇസ്രയേൽ പ്രസിഡന്റ് ഹെർസോഗ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പുറത്തുനിന്നുള്ളതോ അകത്തുള്ളതോ ആയ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ തീരുമാനമുണ്ടാകൂ എന്നുമാണ് ഹെർസോഗിന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Also read: