‘സമൂഹം രാഷ്ട്രീയമായല്ല ചിന്തിക്കുന്നത്, ആരാധക കേന്ദ്രീകൃതമായി മാറി’; വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ് രാജ്
പ്രകാശ് രാജ്
ചെന്നൈ: നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്‌നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്‍റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. ആ യാത്ര തുടരാമെന്നും പ്രകാശ് രാജ് കുറിച്ചു. വിജയിച്ചവർക്ക് അദ്ദേഹം ആശംസകൾ നേർന്നു.
തിരഞ്ഞെടപ്പ് പ്രചരണ വേദികളിലെല്ലാം വിജയ്മെയെ നിശിതമായി പ്രകാശ് രാജ് വിമർശിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഇപ്പോൾ “ദ്രാവിഡ മോഡൽ, അടിമ മോഡൽ, സിനിമ മോഡൽ” എന്നീ മൂന്ന് രാഷ്ട്രീയ ശൈലികളാണുള്ളതെന്നും വിജയ്‌യുടെ രാഷ്ട്രീയം “സിനിമ മോഡൽ” ആണെന്നും അദ്ദേഹം ആരോപിച്ചു. സിനിമയിലെ ജനപ്രീതി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും പ്രകാശ് രാജ് വിമർശിച്ചു. സിനിമയിൽ ഡോക്‌ടറായും മുഖ്യമന്ത്രിയായും അഭിനയിക്കാം. പക്ഷേ യഥാർഥ രാഷ്ട്രീയത്തിന് പ്രതിബദ്ധത വേണം എന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷ, നീറ്റ്, സംസ്‌ഥാന പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിജയ് മുൻപ് എത്രത്തോളം സജീവമായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു.