‘ലോക്സഭയിലെ ഓരോ 6 ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ’- ആരോപണവുമായി രാഹുൽ
ന്യൂഡൽഹി: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ വീതം വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്ന് അദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നിരുന്നെങ്കിൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റുകൾക്ക് പുറമെ പലപ്പോഴും സർക്കാരുകളെത്തന്നെ വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ബിജെപിയുടെ 240 എംപിമാരിൽ ആറിൽ ഒരാൾ വീതം ഇത്തരത്തിൽ ജയിച്ചവരാണെന്നും ഇവരെ തിരിച്ചറിയുക പ്രയാസമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
ഹരിയാണയിലെ സർക്കാർ മൊത്തം ‘നുഴഞ്ഞുകയറ്റക്കാരാണ്’. ബംഗാളിലും അസമിലും ബിജെപി വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സത്യത്തെ ബിജെപി ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചിരുന്നു.