‘ഒരുത്തനെയും വെറുതെ വിടില്ല, എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം’; വിശദീകരണവുമായി അഞ്ജലി നായർ
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ രംഗത്തെത്തി. തന്നെ എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം നൽകി ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, പരാജയപ്പെട്ട സാഹചര്യത്തിൽ പണം വാങ്ങിയവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം വീഡിയോ പങ്കുവെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാതെയാണ് പലരും ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്ന് അഞ്ജലി വിമർശിച്ചു. രാഷ്ട്രീയത്തിലേക്ക് വരുന്നത് വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വളച്ചൊടിക്കപ്പെടുന്നത്. ജീവിതത്തിൽ പലരെയും സഹായിച്ച വകയിൽ 35 ലക്ഷത്തോളം രൂപ തിരികെ കിട്ടാനുണ്ടെന്ന് അന്ന് പറഞ്ഞിരുന്നു. ആ പഴയ പ്രസ്താവനയെ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും തെരഞ്ഞെടുപ്പിനായി താൻ ആർക്കും പണം നൽകിയിട്ടില്ലെന്നും താരം വ്യക്തമാക്കി. 3500 വോട്ട് പോലും ലഭിച്ചില്ലെന്ന കണക്കുകൾ എവിടെ നിന്നാണ് കിട്ടിയതെന്നും അഞ്ജലി ചോദിച്ചു.
സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസങ്ങൾക്കും താരം മറുപടി നൽകി. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചത്. ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തോടെ എടുത്ത തീരുമാനമാണിതെന്നും ഒരു പരാജയത്തിന്റെ പേരിൽ പിന്നോട്ട് പോകില്ലെന്നും അഞ്ജലി പറഞ്ഞു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.