ഇസ്രയേൽ സൈന്യത്തിൽ അപൂർവ അണുബാധയും പകർച്ചവ്യാധിയും പടരുന്നു; നിരവധി സൈനികർ ആശുപത്രിയിൽ
തെൽ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) വലിയ ആശങ്കയായി അപൂർവ അണുബാധയും പകർച്ചവ്യാധിയും. തെക്കൻ ലബനാനിൽ സൈനിക നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികർക്കിടയിലാണു പകർച്ചവ്യാധിയും ജലജന്യ രോഗങ്ങളും പടരുന്നതായി റിപ്പോർട്ട്. മലിനജലത്തിന്റെ ഉപയോഗം മൂലവും, അതിർത്തിയിലെ ഗുഹകളിൽനിന്നും കാടുകളിൽനിന്നും ബാധിച്ച അണുബാധയെ തുടർന്നും ഇരുപതിലധികം സൈനികരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധമുഖത്തുള്ള കഠിനമായ സാഹചര്യങ്ങൾ കാരണം സൈനികർക്ക് ശുദ്ധമായ കുടിവെള്ളവും ഗുണനിലവാരമുള്ള ഭക്ഷണവും യഥാസമയം എത്തിക്കാൻ സാധിക്കാത്തത് ഐഡിഎഫിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. തെക്കൻ ലബനാനിലെ താവളങ്ങളിൽ മലിനജലം ഉപയോഗിച്ചതിനെ തുടർന്ന് കടുത്ത വയറിളക്കവും ഛർദിയും ബാധിച്ച ഇരുപതോളം സൈനികരെയാണ് അടിയന്തരമായി വിവിധ ഇസ്രയേൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ ചില സൈനികരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഇസ്രയേൽ മാധ്യമമായ ‘മാകോ’ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനുപുറമേ, തെക്കൻ ലബനാനിലെ മലയോര മേഖലകളിലും ഈർപ്പമുള്ള ഗുഹകളിലും ക്യാമ്പ് ചെയ്തിരുന്ന ഏഴ് സൈനികർക്ക് അതിതീവ്രവും അപൂർവവുമായ ‘കേവ് ഫീവർ’ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ബോറെലിയ പെർസിക്ക’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം, ഗുഹകളിലും പഴയ കെട്ടിടാവശിഷ്ടങ്ങളിലും കാണപ്പെടുന്ന പ്രത്യേകതരം ചെള്ളുകളുടെയോ പേനുകളുടെയോ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്.
ഈ ചെള്ളുകൾ കടിക്കുന്നത് വേദനയില്ലാത്തതിനാൽ സൈനികർക്ക് ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാറില്ല. കടുത്ത പനി, വിറയൽ, അതിശക്തമായ തലവേദന, പേശീവേദന, ചർമത്തിൽ തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അണുബാധ തലച്ചോറിനെ ബാധിക്കാൻ വരെ സാധ്യതയുണ്ട്.
രോഗബാധ സ്ഥിരീകരിച്ച സൈനികരെ ഇസ്രയേലിലെ അസൂത അഷ്‌ദോദോ ആശുപത്രി, ഇച്ചിലോവ് മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ യുദ്ധമുഖത്തുനിന്നും സൈനിക ചുമതലകളിൽനിന്നും താൽക്കാലികമായി നീക്കിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾക്ക് പുറമെ പ്രകൃതിദത്തമായ സാഹചര്യങ്ങളും അണുബാധകളും പടരുന്നത് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. രോഗബാധ പടരുന്ന സാഹചര്യം തടയുന്നതിനായി സൈനിക താവളങ്ങളിലെ ശുചിത്വ നിലവാരം പരിശോധിക്കാനും സൈനികർക്ക് ശുദ്ധീകരിച്ച ജലം മാത്രം ലഭ്യമാക്കാനും പ്രത്യേക മെഡിക്കൽ സംഘത്തെ ഇസ്രയേൽ നിയോഗിച്ചിട്ടുണ്ട്. രോഗമുക്തരാകുന്ന മുറയ്ക്ക് മാത്രമേ സൈനികരെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.